സോളാര്‍ കേസ്: സംസ്ഥാന നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍, മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍, വി ഡി സതീശന്‍ എന്നിവരുമായിട്ടാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്.

വൈകീട്ട് മൂന്നരയ്ക്കാണ് കൂടിക്കാഴ്ച. കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍ അടക്കം കൂടുതല്‍ ലൈംഗിക ആരോപണങ്ങളുമായി സരിത രംഗത്തു വന്നതും ചര്‍ച്ചയായേക്കുമെന്നാണ് സൂചന. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുകുള്‍ വാസ്‌നിക്കിനോട് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടിയിരുന്നു.

സോളാര്‍ കേസില്‍ കേരളത്തിലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബലാല്‍സംഗ കുറ്റമടക്കം, ക്രിമിനല്‍, വിജിലന്‍സ് കേസുകളില്‍പ്പെട്ടത് ഗൗരവമായാണ് ഹൈക്കമാന്‍ഡ് കാണുന്നത്. കേരളത്തില്‍ സിപിഐഎം ഇത് രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുമ്പോള്‍, വിഷയം ദേശീയ തലത്തില്‍ ആയുധമാക്കാനാണ് ബിജെപിയുടെ ശ്രമം. ഇത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പ്രധാനമായും അലട്ടുന്നുണ്ട്.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം പത്തോളം പേര്‍ക്കെതിരെ ബലാല്‍സംഗത്തിനും കേസെടുക്കും. മുന്‍മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍, മുന്‍കേന്ദ്രമന്ത്രിമാരായ കെസി വേണുഗോപാല്‍, പളനിമാണിക്യം, ജോസ് കെ മാണി എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, മുന്‍ എംഎല്‍എമാരായ എപി അബ്ദുള്ളക്കുട്ടി, പി സി വിഷ്ണുനാഥ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, എഡിജിപി കെ പത്മകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ബലാല്‍സംഗത്തിന് കേസെടുക്കുക.

കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ചും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. പുനസംഘടനയുടെ ഭാഗമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്റിന് കെപിസിസി ഭാരവാഹിപ്പട്ടിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ യുവാക്കള്‍, വനിതകള്‍, ദലിതര്‍ എന്നിവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയിട്ടില്ല. പട്ടികയിലെ പുതുമുഖങ്ങളില്‍ ഭൂരിഭാഗവും 60 കഴിഞ്ഞവരാണ്.

282 പേരുടെ പട്ടികയാണ് സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് കൈമാറിയിരിക്കുന്നത്. ഇതില്‍ 45 വയസിന് താഴെയുള്ളവര്‍ പത്തുപേര്‍ മാത്രമാണ്. വനിതാ പ്രാതിനിധ്യം 18 ശതമാനം മാത്രം.

കരകുളം കൃഷ്ണപിള്ള, വര്‍ക്കല കഹാര്‍, എന്‍ ശക്തന്‍, എഎ ഷുക്കൂര്‍, ബാബു പ്രസാദ്, വിജെ പൗലോസ് എന്നിവര്‍ പുതുമുഖങ്ങളുടെ പട്ടികയില്‍ ഇടംനേടി. അതേസമയം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വക്കം പുരുഷോത്തമന്‍ എന്നിവരെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഹൈക്കമാന്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് സമര്‍പ്പിച്ച ലിസ്റ്റില്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാറ്റം വരാന്‍ സാധ്യതയേറെയാണ്.

Top