സോളാര്‍ കേസ് അടഞ്ഞ അധ്യായം, ഉമ്മന്‍ ചാണ്ടി നിരപരാധിയെന്ന് സിബിഐ തെളിയിച്ചു; പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സോളാര്‍ കേസ് അടഞ്ഞ അധ്യായമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഗൂഢാലോചനയെന്ന് പറഞ്ഞു വീണ്ടും സോളാറിലാണ് ചര്‍ച്ചകളണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ചര്‍ച്ചകള്‍ ആരോഗ്യകരമല്ല. ഉമ്മന്‍ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ചു. എന്നാല്‍ ഗൂഢാലോചന കേസില്‍ അന്വേഷണം വേണമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

മന്ത്രിമാരെ മാറ്റിയാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ മാറില്ല. വരുമാനം ഇല്ലാതായെന്നും വികസനം മുരടിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ് എന്നും കുഞ്ഞാലികുട്ടി പ്രതികരിച്ചു. അതേസമയം സോളാര്‍ ഗൂഢാലോചന വിവാദത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരേ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് യുഡിഎഫ്. ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാണ് ആവശ്യം.

അതേസമയം സോളര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല. കേരള പൊലീസിന്റെ അന്വേഷണം വേണ്ടെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. ഇത് തെറ്റായി വ്യാഖ്യാനിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും വി.ഡി.സതീശന്‍ പ്രതികരിച്ചു.

Top