Solar allegations: Sudheeran support to CM

തിരുവനന്തപുരം: സി.ഡി. പ്രശ്‌നം ഉയര്‍ത്തിക്കാട്ടി നിയമസഭയ്ക്കകത്തും പുറത്തും മുഖ്യമന്ത്രിയെ തേജോവധം നടത്തിയതിന്റെ ജാള്യത മറച്ചുവയ്ക്കാനാണ് പ്രതിപക്ഷം ഇപ്പോഴും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വ്യക്തിഹത്യ നടത്താനുള്ള പ്രതിപക്ഷത്തിന്റെ ഗൂഢശ്രമമായിരുന്നു സി.ഡി. വിവാദമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഒരു ജയില്‍പുള്ളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനും, അപമാനിക്കാനും നിയമസഭയില്‍ ശ്രമിച്ചപ്പോള്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കൂ, സി.ഡി. കൊണ്ടുവരൂ എന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു. സി.ഡി. കൈവശമുണ്ട്, ഹാജരാക്കും എന്ന് ജയില്‍പ്പുള്ളിയോടൊപ്പം പ്രതിപക്ഷവും ശക്തമായി പ്രചരിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയെ ക്രൂരമായി വ്യക്തിഹത്യ നടത്താന്‍ ഒരു കുറ്റവാളിയെ പ്രതിപക്ഷം ഉപയോഗിക്കുകയായിരുന്നു.

സിഡി ഹാജരാക്കാനാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള നിഷേധാത്മക നിലപാടില്‍ നിന്നും പ്രതിപക്ഷം പിന്തിരിയണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

(ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ)

സി.ഡി. പ്രശ്‌നം ഉയര്‍ത്തിക്കാട്ടി നിയമസഭയ്ക്കകത്തും പുറത്തും മുഖ്യമന്ത്രിയെ തേജോവധം നടത്തിവരുന്ന പ്രതിപക്ഷത്തിന്റെ ശ്രമം പാളിപ്പോയതിന്റെ ജാള്യത മറച്ചവയ്ക്കാനാണ് പ്രതിപക്ഷം ഇപ്പോഴും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. കേരള രാഷ്ട്രീയത്തില്‍ അരനൂറ്റാണ്ടുകാലമായി പൊതുപ്രവര്‍ത്തനം നടത്തുന്ന ജനനേതാവായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വ്യക്തിഹത്യ നടത്താനുള്ള പ്രതിപക്ഷത്തിന്റെ ഗൂഢശ്രമമായിരുന്നു സി.ഡി. വിവാദം. ഒരു ജയില്‍പുള്ളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനും, അപമാനിക്കാനും നിയമസഭയില്‍ ശ്രമിച്ചപ്പോള്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കൂ, സി.ഡി. കൊണ്ടുവരൂ എന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു. സി.ഡി. കൈവശമുണ്ട്, ഹാജരാക്കും എന്ന് ജയില്‍പ്പുള്ളിയോടൊപ്പം പ്രതിപക്ഷവും ശക്തമായി പ്രചരിപ്പിച്ചിരുന്നു. സി.ഡി. ഹാജരാക്കാത്ത സാഹചര്യം വ്യക്തമാക്കുന്നത് മുഖ്യമന്ത്രിയെ ക്രൂരമായി വ്യക്തിഹത്യ നടത്താന്‍ ഒരു കുറ്റവാളിയെ പ്രതിപക്ഷം ഉപയോഗിക്കുകയായിരുന്നു എന്നതാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള നിഷേധാത്മക നിലപാടില്‍ നിന്നും പ്രതിപക്ഷം പിന്തിരിയണം. ജനാധിപത്യത്തിനു നിരക്കാത്ത ഇത്തരം പ്രവര്‍ത്തനശൈലി മുന്നോട്ടു കൊണ്ടുപോകുന്ന പ്രതിപക്ഷ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.

Top