കോഴിക്കോട്:മലയോര ജനതയെ ഭീതിയിലാഴ്ത്തി കോഴിക്കോട് സോയില്‍ പൈപ്പിംഗ് പ്രതിഭാസം. കനത്തമഴയ്ക്കു പിന്നാലെ കാരശേരിയിലെ തോട്ടക്കാട് മേഖലയിലാണ് ഈ പ്രതിഭാസം അനുഭവപ്പെടുന്നത്.
തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന് പാട്ടത്തിന് എടുത്ത സ്ഥലത്താണ് സോയില്‍ പൈപ്പിംഗ് പ്രതിഭാസം കണ്ടെത്തിയത്. മണ്ണിനടിയില്‍ നിന്ന് മണലും മറ്റും പൊങ്ങിവരുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ പരിശോധിക്കുകയായിരുന്നു. വലിയ തോതില്‍ മലയിടിച്ചിലിന് സാധ്യത ഉള്ളതാണ് ഈ പ്രതിഭാസമെന്ന് വിദഗ്ധര്‍ പറയുന്നു. ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട അവസ്ഥയില്ലന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
പുത്തുമലയിലുണ്ടായത് സോയില്‍ പൈപ്പിംഗ് മൂലമുണ്ടായ ഭീമന് മണ്ണിടിച്ചിലാണെന്ന കണ്ടെത്തല്‍ പുറത്തുവന്നതോടെ മേഖലയില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. എന്താണു സോയില്‍ പൈപ്പിംഗ്
ഭൂമിക്കടിയില്‍ മണ്ണിനു ദൃഢത കുറഞ്ഞ ഭാഗത്തു പശിമയുള്ള കളിമണ്ണു പോലുള്ള വസ്തു ഒഴുകി പുറത്തേക്കു വരുന്നതിനെയാണ് സോയില്‍ പൈപ്പിംഗ് എന്നു വിളിക്കുന്നത്. ഇവ ഭൂമിക്കടിയില്‍ തുരങ്കം പോലെ രൂപപ്പെട്ട ഭാഗത്തുകൂടിയാണ് പുറത്തേക്ക് ഒഴുകുന്നത്. അതിവൃഷ്ടിയും ഭൂഗര്‍ഭജലത്തിന്റെ ശക്തമായ ഒഴുക്കും മണ്ണിന്റെ ഘടനയുമാണ് സോയില്‍ പൈപ്പിംഗിന്റെ പ്രധാന കാരണം.