ബിജെപി വിരുദ്ധ മുദ്രാവാക്യം മുഴക്കി അറസ്റ്റിലായ സോഫിയ ലോയിസിന് ജാമ്യം

ചെന്നൈ; ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ യുവ എഴുത്തുകാരിയും ഗവേഷണ വിദ്യാര്‍ഥിനിയുമായ സോഫിയ ലോയിസിനു ജാമ്യം. തൂത്തുക്കുടി കോടതിയില്‍ നിന്നാണ് സോഫിയയ്ക്ക് ജാമ്യം ലഭിച്ചത്.

തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ച് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ കേള്‍ക്കെ, ബിജെപിയുടെ ഫാസിസ ഭരണം തുലയട്ടെ എന്നു മുദ്രാവാക്യം വിളിച്ചതിനാണു സോഫിയയെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിമാനത്തില്‍ യാത്ര ചെയ്യവെ, തമിഴിസൈ സൗന്ദര്‍രാജനും ലോയിസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും പ്രതികൂലിച്ചായിരുന്നു സോഫിയ സംസാരിച്ചത്. തുടര്‍ന്ന്, വിമാനത്താവളത്തില്‍ വച്ച്, ഫാസിസം തുലയട്ടെ എന്ന മുദ്രാവാക്യവും മുഴക്കി.

മാപ്പുപറയണമെന്ന് തമിഴിസൈ ആവശ്യപ്പെട്ടെങ്കിലും ലോയിസ് വഴങ്ങിയില്ല. തുടര്‍ന്നാണ്, ലോയിസിന് തീവ്രവാദബന്ധമുണ്ടെന്ന് കാണിച്ച്, ബിജെപി പരാതി നല്‍കിയത്.

സോഫിയയ്ക്കു പിന്തുണയുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ ഫാസിസ ഭരണം തുലയട്ടെയെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചു. ബിജെപിക്കെതിരെ പറയുന്നവരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ എത്ര ലക്ഷം പേരെ അറസ്റ്റ് ചെയ്യേണ്ടിവരും? എന്നെയും അറസ്റ്റ് ചെയ്യണം. സംസ്ഥാന സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

Top