പീഡനത്തിന് ശേഷം സമൂഹം ഞങ്ങളെ ഒറ്റപ്പെടുത്തി; അച്ഛന്‍ ആത്മഹത്യ ചെയ്തത് മനോവിഷമത്തിലെന്ന് കുടുംബം

കോട്ടയം: ചങ്ങനാശ്ശേരി കുറിച്ചിയില്‍ 74-കാരന്റെ ലൈംഗിക അതിക്രമത്തിന് ഇരയായ പത്ത് വയസ്സുകാരിയുടെ പിതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അതിനിടെ, സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ നാട്ടുകാരായ ചിലര്‍ വേട്ടയാടുകയും ഒറ്റപ്പെടുത്തുകയും ചെയ്തുവെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. പ്രതിയുടെ രാഷ്ട്രീയ സ്വാധീനവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കേസൊതുക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം പണം വാങ്ങിയെന്ന് പ്രചാരണം നടത്തിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അച്ഛന് ഇത് വലിയ മനോവിഷമം ഉണ്ടാക്കിയിരുന്നു. അച്ഛനെക്കുറിച്ച് ഇല്ലാക്കഥകള്‍ പറഞ്ഞുണ്ടാക്കുകയും കളിയാക്കുകയും ചെയ്തുവെന്നും കുടുംബം പറയുന്നു. പ്രതിയുടെ അറസ്റ്റിന് ശേഷം പിതാവ് വീടിന് പുറത്തിറങ്ങിയത് ഞായറാഴ്ചയാണ്.

പോക്‌സോ കേസില്‍ ശനിയാഴ്ചയാണ് ചിങ്ങവനം പൊലീസ് പലചരക്ക് കച്ചവടക്കാരനായ യോഗീദാസ് (74) നെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. കടയില്‍ പെണ്‍കുട്ടി എത്തുന്ന സമയത്ത് ഇയാള്‍ രഹസ്യഭാഗങ്ങളില്‍ ലൈംഗിക ഉദ്ദേശത്തോട്കൂടി സ്പര്‍ശിച്ചു എന്നാണ് പരാതി.

യോഗീദാസിന്റെ അറസ്റ്റ് നടന്നതിന് ശേഷം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ശനിയാഴ്ച വീട്ടില്‍നിന്ന് പുറത്തിറങ്ങിയിരുന്നില്ല. ഞായറാഴ്ചയാണ് പിന്നീട് പുറത്തിറങ്ങിയത്. ഈ സമയത്ത് സമീവാസികളായ ചിലര്‍ ഇവരെ കുറ്റപ്പെടുത്തുകയും അപമാനിച്ച് സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. കേസ് ഒത്തുതീര്‍ക്കുന്നതിനായി അച്ഛന്‍ ഉള്‍പ്പടെയുള്ളവര്‍ പണംവാങ്ങിയെന്നുള്ള ആക്ഷേപവും ഉയര്‍ത്തി.

ഇതെല്ലാം പെണ്‍കുട്ടിയുടെ അച്ഛനെ മാനസികമായി തളര്‍ത്തിയിരുന്നു എന്നാണ് കുടുംബം പറയുന്നത്. തിങ്കളാഴ്ച വീടിന് തെട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തില്‍ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാരാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം ആരോപിക്കുന്നു.

പ്രതി രാഷ്ട്രീയ സ്വാധീനം ഉള്ളയാളാണെന്നും വിവരമുണ്ട്. പ്രതിയുടെ മകന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതി രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നാണ് ആരോപണം. കുടുംബം ഒത്തുതീര്‍പ്പിന് വഴങ്ങിയിരുന്നില്ലെങ്കിലും പ്രതിയുടെ സ്വാധീനത്തെ ഭയന്നിരുന്നു. പെണ്‍കുട്ടിയുടെ ഭാവിയെ കരുതി ഈ വിഷയത്തില്‍ ആദ്യം പരാതി നല്‍കാന്‍ കുടുംബം തയ്യാറായിരുന്നില്ല. പിന്നീട് നിരന്തരമായ കൗണ്‍സിലിങ്ങിന് ശേഷമാണ് ഇവര്‍ പരാതി നല്‍കിയത്.

 

Top