സാമൂഹ്യമാധ്യമങ്ങളില്‍ ഇനി സ്വകാര്യതയുണ്ടാകില്ല, പിടിവീഴുന്ന നിയമങ്ങള്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഉപയോക്താവിന്റെ മുഴുവന്‍ വിവരങ്ങളും സമൂഹമാധ്യമ കമ്പനികള്‍ നേരിട്ടു നല്‍കണമെന്ന നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സമൂഹമാധ്യമങ്ങള്‍ക്കും മെസഞ്ചര്‍ ആപ്ലിക്കേഷനുകള്‍ക്കും പിടിവീഴുന്ന നിയമ നിര്‍ദേശങ്ങള്‍ ഫെബ്രുവരി അവസാനം പ്രസിദ്ധീകരിക്കുമെന്നാണു റിപ്പോര്‍ട്ട്.

വിവിധ സമൂഹമാധ്യമങ്ങളില്‍ അംഗങ്ങളായ 40 കോടിയിലേറെ ആളുകളെ ബാധിക്കുന്നതായിരിക്കും നിയമം. വ്യാജ വാര്‍ത്തകള്‍, ഭീകരതയുമായി ബന്ധപ്പെട്ട കുറിപ്പുകള്‍, വര്‍ഗീയ പരാമര്‍ശങ്ങള്‍, കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല ദൃശ്യങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെ നടപടിയെടുക്കാനാണു നിയമമെന്നാണു കേന്ദ്രം പറയുന്നത്.

സമൂഹമാധ്യമ ഭീമന്മാരായ ഫെയ്‌സ്ബുക്കും യൂട്യൂബും വാട്‌സാപ്പും ട്വിറ്ററും ടിക്ക് ടോക്കുമെല്ലാം, സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഉപയോക്താവിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നായിരിക്കും നിയമംമൂലം നിര്‍ദേശിക്കുക.

ചില രാജ്യങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഇത്തരത്തില്‍ വിവരം കൈമാറുന്നുണ്ട്. എന്നാല്‍ കോടതി ഉത്തരവോ വാറന്റോ കൂടാതെ കേന്ദ്ര ഏജന്‍സികള്‍ക്കു വിവരം ആവശ്യപ്പെടാമെന്നതാണ് ഇന്ത്യയില്‍ പുതിയ നിയമത്തെ വിവാദത്തിലാഴ്ത്തുന്നത്. സമൂഹമാധ്യമങ്ങള്‍ക്കു കടിഞ്ഞാണിടുന്ന നിയമത്തിന്റെ നിര്‍ദേശങ്ങള്‍ 2018 ഡിസംബറില്‍ സര്‍ക്കാര്‍ പൊതുചര്‍ച്ചയ്ക്കു നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി അനുശാസിക്കുന്ന പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതാകരുത് നിയമം എന്നായിരുന്നു പൊതു അഭിപ്രായം.

അംഗങ്ങളുടെ സ്വകാര്യതയ്ക്കു മേലുള്ള കടന്നുകയറ്റമാകും പുതിയ നിയമമെന്നു സമൂഹമാധ്യമ കമ്പനികളും മറുപടി നല്‍കി. എന്നാല്‍ 2018ല്‍ നിര്‍ദേശിച്ചതില്‍ നിന്നു കാര്യമായ ഭേദഗതികളില്ലാതെയാണു നിയമം നടപ്പാക്കുന്നതെന്നാണ് ഐടി മന്ത്രാലയത്തില്‍ നിന്നുള്ള വിവരം. സര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ദേശം ലഭിച്ചാല്‍ 72 മണിക്കൂറിനുള്ളില്‍ ആവശ്യമായ വിവരങ്ങള്‍ കൈമാറണമെന്നാണ് കരട് നിയമത്തില്‍ വ്യക്തമാക്കിയിരുന്നത്.

കമ്പനികള്‍ 180 ദിവസം വരെ യൂസര്‍മാരുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. 50 ലക്ഷത്തിലേറെ അംഗങ്ങളുള്ള സമൂഹമാധ്യമ കമ്പനികള്‍ക്കാണ് ഇതു ബാധകമാവുക. 130 കോടി ജനമുള്ള ഇന്ത്യയില്‍ ഏകദേശം 50 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്. എന്നാല്‍ വിദേശ പൗരന്മാരുടെ വിവരങ്ങള്‍ നിയമത്തിനു പരിധിയില്‍ വരുമോയെന്നതു സംബന്ധിച്ചു വ്യക്തതയില്ല.

Top