സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍; കുടുങ്ങിയത് പ്രതിശ്രുത വരന്മാരും, പ്രവാസികളും

kathuva

മഞ്ചേരി: സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത് നടത്തിയ ഹര്‍ത്താല്‍ ആക്രമങ്ങളിലെ അറസ്റ്റില്‍ കുടുങ്ങിയതില്‍ അവധിക്കെത്തിയ പ്രവാസികളും കല്ല്യാണം ഉറപ്പിച്ച മണവാളന്മാരും. പ്രവാസികളില്‍ ചിലര്‍ ആരുമറിയാതെ മുങ്ങിയപ്പോള്‍, യുവാക്കള്‍ നേതാക്കളുടെ കയ്യും കാലും പിടിച്ചു കേസ് ഒഴിവാക്കാനുള്ള നെട്ടോട്ടത്തിലാണ്.

ആവേശത്തിന്റെ പുറത്താണ് ഹര്‍ത്താല്‍ പ്രകടനങ്ങളില്‍ പങ്കെടുത്തതെങ്കിലും ഇപ്പോള്‍ കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ് ഇവര്‍. പോക്‌സോ കേസിന്റെ നാണക്കേടിന്റെ കുരുക്കില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന ആലോചനയിലാണ് കല്യാണ ചെക്കന്മാര്‍. ഈ വകുപ്പു ചേര്‍ക്കപ്പെട്ടാല്‍ രണ്ടാഴ്ച കഴിഞ്ഞേ ജാമ്യം കിട്ടൂ.

കത്തുവ സംഭവത്തിന്റെ ഭാഗമായാണ് വാട്‌സാപ്പ് സന്ദേശത്തിലൂടെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തത്. ഇതിനെ തുടര്‍ന്ന് മലബാറില്‍ വ്യാപകമായ അക്രമങ്ങളാണ് ഉണ്ടായത്. നിരവധി പേരെയാണ് അക്രമസംഭവങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍മാരെ കഴിഞ്ഞ ദിവസം അന്വേഷണസംഘം അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റ് തുടങ്ങിയതോടെ ഒട്ടേറെപ്പേര്‍ അവധി മതിയാക്കി തിരിച്ചുപോയിട്ടുണ്ട്.

ഗ്രൂപ്പ് അഡ്മിനായതിന്റെ പേരില്‍ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്യപ്പെട്ടതു പ്രമുഖ വിദ്യാര്‍ഥി സംഘടനയുടെ നേതാവാണ്. ഈ പേരില്‍ ഒട്ടേറെ രാഷ്ട്രീയ സംഘടനാ നേതാക്കളും കുടുങ്ങുന്നുണ്ട്.മഞ്ചേരിയില്‍ മാത്രം 18 അഡ്മിന്‍മാരുള്ള വിവിധ ഗ്രൂപ്പുകള്‍ക്കു കൊല്ലം സ്വദേശി അമര്‍നാഥിന്റെ ‘വോയ്‌സ് ഓഫ് യൂത്തു’മായി നേരിട്ടു ബന്ധമുണ്ട്. അറസ്റ്റിലായവരെ ഹര്‍ത്താലുമായി ബന്ധപ്പെട്ട എല്ലാ അക്രമ കേസുകളിലും പ്രതി ചേര്‍ക്കാനാണു പൊലീസ് നീക്കം.

Top