പൗരത്വ നിയമം; കേരളം നല്‍കിയ ഹര്‍ജി അടുത്താഴ്ച്ച പരിഗണിച്ചേക്കും

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരളം നല്‍കിയ ഹര്‍ജി അടുത്തയാഴ്ച പരിഗണിച്ചേക്കും. സംസ്ഥാന സര്‍ക്കാര്‍ പതിമൂന്നാം തീയതി ഫയല്‍ ചെയ്ത സ്യൂട്ടിന് സുപ്രീം കോടതി രജിസ്ട്രി ഇന്ന് നമ്പര്‍ അനുവദിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാകും ഹര്‍ജി കേള്‍ക്കുകയെന്നാണ് സൂചന.

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ പതിമൂന്നാം തീയതി വൈകിട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അത് രണ്ട് വാല്യമായി നല്‍കണമെന്നും അഞ്ച് സെറ്റ് പകര്‍പ്പ് നല്‍കണമെന്നും രജിസ്ട്രി സര്‍ക്കാര്‍ അഭിഭാഷകരോട് നിര്‍ദേശിച്ചു. ഹര്‍ജിയുമായി ബന്ധപ്പെട്ട എട്ട് സാങ്കേതിക പിഴുവുകള്‍ നീക്കാനും രജിസ്ട്രി ആവശ്യപ്പെട്ടിരുന്നു. രജിസ്ട്രി നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ രജിസ്ട്രിക്ക് പതിനെട്ടാം തീയതി കൈമാറിയിരുന്നു.എന്നാല്‍ രജിസ്ട്രിയില്‍ നിന്ന് നമ്പര്‍ ലഭിക്കാന്‍ വൈകി.

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് നല്‍കിയ റിട്ട് ഹര്‍ജികള്‍ക്കൊപ്പം സ്യൂട്ടും പരിഗണനയ്ക്ക് വരുമെന്ന സര്‍ക്കാരിന്റെ പ്രതീക്ഷ ഇതോടെ അസ്തമിച്ചു. സ്യൂട്ടിന് നമ്പര്‍ ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് നിരന്തരം രജിസ്ട്രിയുമായി ബന്ധപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് സുപ്രീം കോടതി രജിസ്ട്രി സംസ്ഥാന സര്‍ക്കാരിന്റെ സ്യൂട്ടിന് നമ്പര്‍ നല്‍കിയത്.

കേരളത്തിന്റെ സ്യൂട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരാനാണ് സാധ്യത. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകരായ ദുഷ്യന്ത് ദാവെയും, ജയ്ദീപ് ഗുപ്തയും ഹാജരാകും. കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരാകും.

Top