സാമൂഹിക അകലം പാലിച്ചില്ലെന്ന് ആരോപണം ; കേസെടുത്ത പൊലീസ്

കോട്ടയം : കൊറോണ ചികിത്സാ കേന്ദ്രത്തിലേയ്ക്ക് ഭക്ഷണം എത്തിച്ചവർ സാമൂഹിക അകലം പാലിച്ചില്ലെന്ന കാരണത്താൽ പൊലീസ് കേസെടുത്തു. ഭക്ഷണം കൊണ്ടുപോകുന്ന വാർപ്പ് പിടിച്ചപ്പോൾ സാമൂഹിക അകലം പാലിക്കാതിരുന്നതിനാണ് പൊലീസ് കേസെടുത്തത്. എരുമേലി കെഎസ്ആർടിസിക്ക് സമീപമാണ് സംഭവം. ആഹാരം നിറച്ച് വാർപ്പ് രണ്ട് വശങ്ങളിൽ നിന്നായി പിടിച്ചത് സാമൂഹ്യ അകലം പാലിക്കുന്നത് ലംഘിച്ചുള്ള പ്രവൃത്തി ആണെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.

കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപമുള്ള രാജ ഹോട്ടലിൽ നിന്നായിരുന്നു എരുമേലി ഫസ്റ്റ്‌ലൈൻ കൊറോണ സെന്ററിലേയ്ക്ക് ഭക്ഷണം നൽകിയിരുന്നത്. 85ഓളം പേർക്കുള്ള ചപ്പാത്തിയും മുട്ടക്കറിയും കൊണ്ടു പോകുന്നതിനിടയിലാണ് സംഭവം. വാഹനത്തിലേയ്ക്ക് വാർപ്പ് കയറ്റുന്നതിനിടെയാണ് പൊലീസ് എത്തിയത്. തുടർന്ന് രണ്ട് പേർക്കെതിരെ കേസെടുക്കുകയായിരുന്നു. എന്നാൽ വാർപ്പ് പിടിക്കുമ്പോൾ എങ്ങനെ സാമൂഹ്യ അകലം പാലിക്കുമെന്നാണ് ഹോട്ടൽ ഉടമ ചോദിക്കുന്നത്.

അതേസമയം ഹോട്ടലിന് മുൻപിൽ ആളുകൂടിയതിനാണ് കേസ് എടുത്തതെന്ന് എരുമേലി പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിയ്ക്കും കളക്ടർക്കും പരാതി നൽകി.

Top