സാമൂഹ്യ, സുരക്ഷ, ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യും, തൊള്ളായിരം കോടിയോളം ഇതിനായി മാറ്റിവയ്ക്കും; ധനമന്ത്രി

തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ തീരുമാനം. പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും, അല്ലാതെയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടുവഴിയും പെന്‍ഷന്‍ ലഭിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. നാലു മാസത്തെ കുടിശ്ശികയില്‍ ഒരു മാസത്തെ പെന്‍ഷന്‍ തുകയാണ് വിതരണം ചെയ്യുന്നത്. തൊള്ളായിരം കോടിയോളം രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. നവകേരള സദസ്സ് തുടങ്ങാനിരിക്കെയാണ് പെന്‍ഷന്‍ വിതരണം വീണ്ടും തുടങ്ങുന്നത്.

57,604 കോടി രൂപ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി ഏഴര വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ 22,250 കോടി രൂപ നല്‍കി. 64 ലക്ഷം പേരാണ് പെന്‍ഷന്‍ ഡാറ്റാ ബേസിലുള്ളത്. മസ്റ്ററിങ് ചെയ്തിട്ടുള്ളവര്‍ക്കെല്ലാം പെന്‍ഷന്‍ അനുവദിക്കും. മറ്റുള്ളവര്‍ക്ക് മസ്റ്റിറിങ് പൂര്‍ത്തിയാക്കുന്ന മാസംതന്നെ പെന്‍ഷന്‍ ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിക്കാന്‍ കഴിയാത്തതെന്് ചീഫ് സെക്രട്ടറി ഡോ. വി വേണു ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന ധനമന്ത്രിയുടെ പ്രസ്താവന. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായി സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അറിയിച്ചത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയം പോലുള്ള ആഘോഷ പരിപാടികളേക്കാള്‍ മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.

Top