സമൂഹ വ്യാപനം; സംസ്ഥാനത്ത് ദിവസേന 2000 കൊവിഡ് പരിശോധനകള്‍ നടത്താന്‍ തീരുമാനം

തിരുവനന്തപുരം: കൊവിഡിന്റെ സാമൂഹിക വ്യാപനം തിരിച്ചറിയാനായി ഒരു ദിവസം രണ്ടായിരം കൊവിഡ് പരിശോധനകള്‍ നടത്താന്‍ തീരുമാനമായി. ഇതിനായി ആര്‍എന്‍എ വേര്‍തിരിക്കുന്ന കിറ്റുകളും പിസിആര്‍ കിറ്റുകളും സംസ്ഥാനത്ത് കൂടുതലായി എത്തിച്ചിട്ടുണ്ട്.

രണ്ട് ലക്ഷം പിസിആര്‍ കിറ്റുകള്‍ക്കും 3.39 ലക്ഷം ആര്‍ എന്‍ എ വേര്‍തിരിക്കുന്ന കിറ്റുകള്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ശരാശരി ആയിരം പരിശോധനകളാണ് സംസ്ഥാനത്ത് ചെയ്യുന്നത്. ഇത് പോരെന്നാണ് വിലയിരുത്തല്‍. പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിക്കാനായി, കൊവിഡ് ആശുപത്രിയായ പാരിപ്പളളി മെഡിക്കല്‍ കോളജ് അടക്കം കൂടുതല്‍ ഇടങ്ങളില്‍ പിസിആര്‍ പരിശോധന തുടങ്ങും.

45 മിനിട്ടില്‍ ഫലം കിട്ടുന്ന ട്രൂനാറ്റ് യന്ത്രങ്ങള്‍ 19 എണ്ണം ഉടന്‍ എത്തിക്കും. സെന്റിനെന്റല്‍ സര്‍വൈലന്‍സിന്റെ ഭാഗമായുള്ള മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവരുടെ റാന്‍ഡം പരിശോധകള്‍ 7000 കടന്നു. ഇതും വര്‍ധിപ്പിക്കാനാണ് തീരുമാനം. സാമൂഹിക വ്യാപനം അറിയാന്‍ ഐസിഎംആറുമായി ചേര്‍ന്നുള്ള സീറോ സര്‍വേ പാലക്കാട് , എറണാകുളം , തൃശൂര്‍ ജില്ലകളില്‍ തുടങ്ങിയിരിക്കുകയാണ്.

നിലവില്‍ 74961 പിസിആര്‍ കിറ്റുകളും ആര്‍ എന്‍ എ വേര്‍തിരിക്കുന്ന 99105 കിറ്റുകളും ഉണ്ട് , സ്രവമെടുക്കുന്ന ഉപകരണം 91578 എണ്ണം സ്റ്റോക്കുണ്ട്. ഷെല്‍ഫ് ലൈഫ് കുറവായ ആര്‍എന്‍എ വേര്‍തിരിക്കുന്ന കിറ്റുകളും പിസിആര്‍ കിറ്റുകളും തീരുന്ന മുറയ്ക്ക് കൂടുതല്‍ എത്തിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Top