ഇന്ത്യന്‍ നവമാധ്യമങ്ങളിലെ ‘കള്ളക്കളികള്‍’; ഗൂഢാലോചനയുടെ പിന്നാമ്പുറങ്ങള്‍

ന്യൂഡല്‍ഹി:വ്യാജവാര്‍ത്തകള്‍. . വിവരസാങ്കേതിക വിദ്യയിലെ കുതിച്ചു ചാട്ടത്തിനിടെ ഇതിനൊരു വിലങ്ങിടാന്‍ ഭരണകര്‍ത്താക്കള്‍ക്ക് സാധിച്ചിട്ടില്ല. ഫെയ്ക്ക് ന്യൂസുകളുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ മുന്‍നിരയിലാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ.

തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും കളരിയായ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നവമാധ്യമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ ഇതിന് കഴിയുന്നു എന്നതാണ് വലിയ പ്രശ്‌നം. സത്യസന്ധമായ ഇടപെടലുകള്‍ക്ക് ആളില്ലാതെ വരുന്നു. ഒരു വിഭാഗത്തിന്റെ അജണ്ടകള്‍ക്ക് മാത്രം വലിയ പ്രാധാന്യം വരുന്നു. ചര്‍ച്ച ചെയ്ത് മടുത്തതാണെങ്കിലും പെട്ടെന്നുണ്ടാകുന്ന അതിശയോക്തിയില്‍ വ്യാജവാര്‍ത്തകള്‍ വരുമ്പോള്‍ ഷെയര്‍ ബട്ടണ്‍ അമര്‍ത്താന്‍ ആരും മറക്കാറില്ല.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമമായ ബിബിസി പുറത്തിറക്കിയ പഠനത്തില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ഇന്ത്യന്‍ നവമാധ്യമ ലോകം. വിരല്‍ തുമ്പിലൂടെ നമ്മള്‍ തന്നെ പ്രചരിപ്പിക്കുന്ന വാര്‍ത്തകളില്‍ എത്ര എണ്ണം ശരിയുണ്ട് എന്ന് ആവര്‍ത്തിച്ച് ചോദിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ് റിപ്പോര്‍ട്ട്. ദേശീയതാ വാദത്തില്‍ അധിഷ്ഠിതമാണ് ഇതിന്റെ വളര്‍ച്ച എന്നതാണ് വലിയ വിപത്ത്. പരമാധികാരത്തിന്റെ സ്വാദ് നമ്മള്‍ നുണയുന്നത് ദേശീയതയില്‍ നിന്നും ഉള്‍ക്കൊണ്ട സഹന സമരങ്ങളിലൂടെയാണെങ്കിലും വര്‍ത്തമാനകാലത്തെ അതിന്റെ വികല പ്രയോഗങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടതും ജാഗ്രത പാലിക്കേണ്ടതും അനിവാര്യമാണ്.

ഇന്ത്യ, കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലെ ആളുകളുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇന്ത്യന്‍ നവമാധ്യമ രംഗത്ത് നുണയന്മാര്‍ വളരെക്കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ദേശീയത സംബന്ധിച്ച വിവരങ്ങളാണ് പങ്കുവയ്ക്കപ്പെടുന്നതില്‍ ഏറ്റവും കൂടുതല്‍. സാധാരണക്കാരുടെ പ്രശ്ങ്ങളെക്കുറിച്ച് പറയുന്നതില്‍ 30 ശതമാനം വാര്‍ത്തകള്‍ക്ക് മാത്രമേ ഇടമുള്ളൂ. എന്നാല്‍, ഗൂഢാലോചനയുടെ കാര്യത്തില്‍ 40 ശതമാനത്തിന്റെ നേട്ടമാണ് നമ്മുടെ രാജ്യത്തിനുള്ളത് എന്ന അറിവ് പൗരനെന്ന നിലയില്‍ തലകുനിപ്പിക്കുന്നതാണ്. 72 ശതമാനം ആളുകള്‍ക്കും തങ്ങളുടെ കൈവശമുള്ളത് വ്യാജവാര്‍ത്തയാണെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ്.

election

രസകരമായ മറ്റൊരു കാര്യം, ഡിജിറ്റല്‍ എംപവ്വര്‍മെന്റ് ഫൗണ്ടേഷന്റെ പഠന പ്രകാരം ഇന്ത്യയിലെ ഉള്‍പ്രദേശങ്ങളിലെ ജനങ്ങള്‍ വാട്ടസ് ആപ്പ് വാര്‍ത്തകള്‍ വെള്ളം തൊടാതെ വിഴുങ്ങാറില്ല, പകരം പട്ടണവാസികളാണ് ഫെയ്ക്ക് ന്യൂസുകളുടെ പിടിയില്‍ അകപ്പെട്ടു പോകുന്നത് എന്നതാണ്. പലരും രാഷ്ട്രീയ പാര്‍ട്ടികളുടെ, തങ്ങള്‍ പോലും അറിയാത്ത ഗ്രൂപ്പുകളില്‍ കുടുങ്ങിക്കിടക്കുന്നതായും വെളിപ്പെടുത്തലുകള്‍ നടത്തി. കഴിഞ്ഞ വര്‍ഷം മാത്രം 30 പേര്‍ക്കാണ് വ്യാജവാര്‍ത്തകള്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

ഗ്രൂപ്പുകള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ തൊട്ടാല്‍ കൈ പൊള്ളുന്നവയാണ്. ടെലിവിഷന്‍ രംഗത്തുള്ളതു പോലെ നവമാധ്യമങ്ങള്‍ക്കും നിയന്ത്രണം വേണമെന്ന ആവശ്യം ശക്തിപ്പെടാന്‍ ഉപകരിക്കുന്നവയാണ് ഈ പഠനങ്ങളെല്ലാം. വാട്ട്‌സ് ആപ്പുകളുടെ കാര്യം മാത്രം എടുത്താല്‍, ഈ മേഖല മാസ്സ് കമ്മ്യൂണിക്കേഷന്‍ എന്ന ഭാവത്തില്‍ അധികം വൈകാതെ ശക്തി പ്രാപിക്കും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുള്ള രാജ്യം.

ഇനി, രാഷ്ട്രീയ ധ്രുവീകരണത്തിന്റെ കാര്യത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാജവാര്‍ത്ത എന്ന വജ്രായുധം വലിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ പോകുന്നത്. 16,000 ട്വിറ്റര്‍ അക്കൗണ്ടുകളും 3000 ഫെയ്‌സ്ബുക്ക് പേജുകളുമാണ് ഇന്ത്യയില്‍ വലതു രാഷ്ട്രീയത്തെ താങ്ങിനിര്‍ത്താന്‍ രാപ്പകല്‍ കള്ളപ്പണിയെടുക്കുന്നത്. ഇത് തടയാന്‍ നാട്ടില്‍ നിയമ നിര്‍മ്മാണം നടത്താതെ ഒളിച്ചു കളിക്കുകയാണ് സര്‍ക്കാരുകള്‍.

59fc32c095a59754058b4567

നവമാധ്യമങ്ങളെ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരിധിയില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനം നേരത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയിരുന്നു. അങ്ങനെയെങ്കില്‍ വ്യാജപ്രചരണങ്ങളില്‍ പരാതി നല്‍കിയാല്‍ കേസെടുക്കാം, പരസ്യങ്ങളെ നിയന്ത്രിക്കാം, അജണ്ടകളെ ചെറുക്കാം. 2019 തെരഞ്ഞെടുപ്പ് അതിനിര്‍ണ്ണായകമാകുമ്പോള്‍, സോഷ്യല്‍ മീഡിയകള്‍ വലിയ പ്രചരണ മാര്‍ഗ്ഗങ്ങളാകുമ്പോള്‍, നിയന്ത്രണങ്ങള്‍ മുഖ്യവിഷയമായിരിക്കണം.. ജാഗ്രത പാലിക്കണം. .

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top