സോഷ്യല്‍ മീഡിയയില്‍ താരമായി ഇമാന്‍ അബ്ദുല്‍ ആസിം

റിയാദ്: സോഷ്യല്‍ മീഡിയയിലെ പുതിയ താരമായി മാറിയിരിക്കുകയാണ് സൗദി അറേബ്യയിലെ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ ഇമാന്‍ അബ്ദുല്‍ ആസിം. പ്രസവിക്കാനായ സ്ത്രീയെ റിയാദിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുന്ന ഈ പാരാമെഡിക്കല്‍ സ്റ്റാഫിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. താന്‍ ആംബുലന്‍സുമായി കുതിച്ചുപായുന്നതിന്റെ വീഡിയോ ക്ലിപ് ഇമാന്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം വീഡിയോ വലിയ ഹിറ്റായി മാറുകയായിരുന്നു.

റിയാദിലെ തിരക്കേറിയ റോഡിലൂടെ പ്രസവിക്കാറായ സ്ത്രീയെയും വഹിച്ച് പോവുന്ന ഈ എമര്‍ജന്‍സി മെഡിസിന്‍ സ്പെഷ്യലിസ്റ്റിന് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. തന്നെ പിന്തുണയ്ക്കും പ്രോത്സാഹിപ്പിച്ചവര്‍ക്കും നല്ല വാക്കുകള്‍ പറഞ്ഞവര്‍ക്കും നന്ദി പറയുകയാണ് ഇമാന്‍. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ വേളയില്‍ പുലര്‍കാലങ്ങളില്‍ ആംബുലന്‍സ് ഓടിക്കാന്‍ ആളുകളുടെ ക്ഷാമം നേരിട്ടപ്പോഴാണ് താന്‍ ആ ദൗത്യം ഏറ്റെടുത്തതെന്ന് അവര്‍ പറയുന്നു. സൗദിയിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവറാണെന്ന ഖ്യാതിയും ഇതോടെ ഇമാനെ തേടിയെത്തുകയായിരുന്നു.

 

 

Top