‘നീല നിലവെ’ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ താരം കിലി പോള്‍; അഭിനന്ദിച്ച് ഗാനരചയിതാവ് മനു മഞ്ജിത്ത്

2023 ലെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു ആര്‍ഡിഎക്സിലെ ‘നീല നിലവെ’ ഗാനം. ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലെ ഗാനത്തിന് മനു മഞ്ജിത്ത് ആണ വരികള്‍ എഴുതിയിരിക്കുന്നത്  സാം സി എസ് സംഗീതം പകര്‍ന്നത്. കപില്‍ കപിലന്‍ ആണ് ഗാനം ആലപിച്ചത്. സിനിമ പോലെതന്നെ ഗാനവും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നായിരുന്നു. ഇപ്പോഴിതാ ആഗോളതലത്തില്‍ ഹിറ്റായിരിക്കുകയാണ് നീല നിലവെ എന്ന ഗാനം. സോഷ്യല്‍ മീഡിയയിലെ ഹിറ്റ് താരമായ കിലി പോളാണ് നീല നിലവെ ഇപ്പോള്‍ പാടിയിരിക്കുന്നത്. ടാന്‍സാനിയന്‍ പൗരനായ കിലി പോളിന്റെ ഗാനങ്ങള്‍ക്കും നൃത്തങ്ങള്‍ക്കും ലോകം മുഴുവന്‍ ആരാധകരുണ്ട്. കിലിക്കൊപ്പം സഹോദരി നീമ പോളും വീഡിയോയില്‍ ഉണ്ട്.

തന്റെ ഗാനം കിലിയും സഹോദരിയും ആലപിച്ചതിന്റെ സന്തോഷത്തിലാണ് ഗാനരചയിതാവ് മനു മഞ്ജിത്ത്. നമ്മളെഴുതിയ ഒരു പാട്ട് ഇങ്ങനെ അതിര്‍ത്തികള്‍ മായ്ച്ച് ഒഴുകുന്നതു കാണുന്ന സന്തോഷമുണ്ടെന്ന് മനു ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ച് കുറിച്ചു. ടാന്‍സാനിയയിലെ ഉള്‍ഗ്രാമത്തിലാണ് കിലിയും സഹോദരിയും താമസിക്കുന്നത്. പശുവളര്‍ത്തലും കൃഷിയുമാണ് കിലിയുടെയും കുടുംബത്തിന്റെയും വരുമാനമാര്‍ഗം. ഇതിനിടെയാണ് ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ ചെയ്ത് തുടങ്ങിയത്. 4 മില്ല്യണ് അടുത്ത് ഫോളോവേഴ്സ് കിലിക്കും നീമയ്ക്കും സോഷ്യല്‍ മീഡിയയിലുണ്ട്.

Top