സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം; സുപ്രീം കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രം

ന്യുഡല്‍ഹി : സമൂഹ മാധ്യമങ്ങൾക്കുള്ള പുതിയ നിയന്ത്രണങ്ങൾ മൂന്ന് മാസത്തിനകം കൊണ്ട് വരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സമൂഹ മാധ്യമങ്ങൾ വഴിയുള്ള വ്യാജവാർത്താ പ്രചരണം, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിനായി പുതിയ നിയമങ്ങൾ കൊണ്ടു വരുമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

വ്യാജ വാർത്തകൾ, വിദ്വേഷ പ്രസംഗങ്ങൾ, അധിക്ഷേപങ്ങൾ എന്നിവ പ്രചരിക്കുന്നത് തടയാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന കോടതിയുടെ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു സർക്കാർ.

കഴിഞ്ഞ മാസം സുപ്രീം കോടതി കേന്ദ്രത്തിന് ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മൂന്ന് ആഴ്ചത്തെ സമയം നൽകിയിരുന്നു. ഈ സമയം നീട്ടിചോദിക്കുകയാണ് കേന്ദ്രം ഇന്നത്തെ സത്യവാങ്ങ്മൂലത്തിലൂടെ ചെയ്തിരിക്കുന്നത്.

സെപ്തംബർ 24നാണ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന രണ്ടംഗ ബെഞ്ച് സാങ്കേതിക വിദ്യ മൂലം രാജ്യത്ത് ഉണ്ടായിത്തീരുന്ന അപകടകരമായ സാഹചര്യത്തെ കുറിച്ച് ആശങ്ക പങ്കുവെച്ചത്. ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ് ബോസ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേന്ദ്രത്തിനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. സമൂഹമാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധപ്പെടുത്തണമെന്ന ഹർജി പരിഗണിക്കവേയായിരുന്നു കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നയരൂപീകരണത്തിന്‍റെ കാര്യത്തിൽ അഭിപ്രായം ആരാഞ്ഞത്.

Top