സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംങ്ങായി ‘പ്രൗഡ് ഓഫ് ഷാരൂഖ് ഖാൻ’; കാരണം ഇതാണ്.!

ദില്ലി: ‘പ്രൗഡ് ഓഫ് ഷാരൂഖ് ഖാൻ’ (Proud of Shah Rukh Khan) എന്നത് ട്വിറ്ററിൽ ട്രെൻറിംഗ് ആകുകയാണ്.  ദില്ലിയിൽ പുതുവത്സര രാവിൽ വണ്ടിക്കടിയിൽ പെട്ട് ക്രൂരമായ മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സഹായവുമായി ബോളിവുഡ് താരം എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ ‘പ്രൗഡ് ഓഫ് ഷാരൂഖ് ഖാൻ’ ട്രെൻഡായത്.

ഷാരൂഖ് തന്റെ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന പഴയ അഭിമുഖത്തിൻറെ വീഡിയോയും പലരും പോസ്റ്റ് ചെയ്യുന്നുണ്ട്. ഈ വീഡിയോയിൽ ഷാരൂഖ് പറയുന്നത് ഇങ്ങനെയാണ്- “എനിക്ക് വലിയ അജണ്ടകളൊന്നുമില്ല. എനിക്ക് ഒരു ലളിതമായ അജണ്ടയുണ്ട്. ആളുകളെ സഹായിക്കണം. പ്രത്യേകിച്ച് അതിനൊരു കാരണം ആവശ്യമില്ല, അത് നടക്കണം. അതാണ് ഞാൻ ചെയ്യുന്നുത്. പക്ഷേ അതിനെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല”.

കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാന്റെ ജീവകാരുണ്യ സംഘടനയായ മീർ ഫൗണ്ടേഷൻ ദില്ലിയിൽ അപകടത്തിൽ മരിച്ച അഞ്ജലി സിംഗിൻറെ കുടുംബത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്.

ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷൻ അഞ്ജലി സിംഗിന്റെ കുടുംബത്തിന് വെളിപ്പെടുത്താത്ത തുക സഹായം നൽകി.ദില്ലിയിലെ കാഞ്ജവാലയിൽ നടന്ന ക്രൂരമായ അപകടത്തിലാണ് അഞ്ജലി എന്ന 20 കാരിയുടെ ജീവൻ നഷ്ടപ്പെട്ടത്. മീർ ഫൗണ്ടേഷന്റെ സഹായം അഞ്ജലിയുടെ സഹോദരങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതോടൊപ്പം അമ്മയുടെ ചികിൽസയ്ക്കും ഉപയോഗിക്കും – മീർ ഫൗണ്ടേഷൻ കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണ നൽകുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ചാരിറ്റി സംഘടനയാണ് ഷാരൂഖിൻറെ പിന്തുണയിൽ പ്രവർത്തിക്കുന്ന മീർ ഫൗണ്ടേഷൻ.

ജനുവരി ഒന്നിന് പുലർച്ചെയാണ് 20 കാരിയായ യുവതിയെ കാർ 12 കിലോമീറ്ററോളം വലിച്ചിഴച്ചതും യുവതി മരിച്ചതും. അന്വേഷണത്തിൽ അഞ്ജലി ഓടിച്ച ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. കാറിനടിയിൽ കുടുങ്ങിയ അഞ്ജലിയെ സുൽത്താൻപുരിയിൽ നിന്ന് കാഞ്ജവാലയിലേക്ക് വലിച്ചിഴച്ചു. അഞ്ജലിക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് നിധിൻ നിസാര പരിക്കുകളോടെ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

സംഭവം വലിയ കോളിളക്കമുണ്ടാക്കുകയും മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് കേസിലെ ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദീപക് ഖന്ന, മനോജ് മിത്തൽ, അമിത് ഖന്ന, കൃഷൻ, മിഥുൻ, അശുതോഷ് (കാറിന്റെ ഉടമ), അങ്കുഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Top