പാര്‍വതിയെ കൈവിട്ട് സോഷ്യല്‍ മീഡിയ . . ഡിസ് ലൈക്ക് ചെയ്ത് വന്‍ രോഷ പ്രകടനം

parvathy

കൊച്ചി : പാര്‍വതിയുടെ സകല കണക്ക് കൂട്ടലുകളും പിഴക്കുന്നു. കസബ വിവാദത്തില്‍ പാര്‍വതിയോടുള്ള ഒരു വിഭാഗത്തിന്റെ പ്രതിഷേധം മമ്മുട്ടിയുടെ പ്രതികരണം വന്നിട്ടും അവസാനിക്കുന്നില്ല.

പ്രകോപനപരമായ പോസ്റ്റുകളും കമന്റുകളും ഇട്ടതിന് കേസെടുപ്പിച്ചതും രണ്ട് പേരെ അറസ്റ്റ് ചെയ്യിപ്പിച്ചതുമൊന്നും പുതിയ പ്രതിഷേധ രൂപത്തിന് തടസ്സവുമല്ല.

പാര്‍വതി നായികയായ ഏറ്റവും പുതിയ സിനിമയായ ‘മൈ സ്റ്റോറി ‘ യുടെ മേക്കിംഗ് വീഡിയോക്കെതിരെ വ്യാപകമായാണ് ഡിസ് ലൈക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നാലായിരം ലൈക്ക് ലഭിച്ച വീഡിയോക്ക് 44,000 ഡിസ് ലൈക്കാണ് വളരെ പെട്ടന്ന് ലഭിച്ചിരിക്കുന്നത്. ഡിസ് ലൈക്ക് ചെയ്യുന്നതിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ വകുപ്പില്ലാത്തതിനാല്‍ പാര്‍വതി ക്യാംപ് അമ്പരന്ന് നില്‍ക്കുകയാണ്.

ഈ പുതിയ ‘പ്രതിഷേധ’ രീതി പാര്‍വതി നായികയാവുന്ന സിനിമകളെ കൂടി ബാധിച്ചാല്‍ നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും നായകന്റെയുമെല്ലാം ഭാവിയെ തന്നെ ബാധിക്കും.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ പാര്‍വതിയെ നായികയാക്കി സിനിമയെടുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഭയപ്പെടുമെന്നാണ് ഇതേ കുറിച്ച് പ്രമുഖ നിര്‍മാതാവ് പ്രതികരിച്ചത്.

പാര്‍വതിയും പൃഥിരാജും നായികാ നായകന്‍മാരായി എത്തുന്ന ‘മൈ സ്റ്റോറി’ എന്ന സിനിമയുടെ മേക്കിംഗ് വീഡിയോയ്ക്കാണ് ഡിസ്‌ലൈക്ക് ആക്രമണം.

യൂട്യൂബിലെ വീഡിയോക്ക് അടിയില്‍ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് നടത്തുന്നത്. ഇതിനുമുമ്പ് പേളിയും ജെപിയും പാടി അഭിനയിച്ച തേങ്ങാക്കൊല മാങ്ങാത്തൊലി എന്ന പാട്ടിനാണ് യു ട്യുബില്‍ കൂടുതല്‍ ഡിസ്‌ലൈക്ക് ലഭിച്ചിട്ടുള്ളത്.

മേക്കിങ് വീഡിയോ പൃഥിരാജും എഫ്ബിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനടിയിലും കടുത്ത പരാമര്‍ശമാണ് പാര്‍വതിക്ക് നേരെയുള്ളത്. മോശം പരാമര്‍ശത്തിനെതിരെ പരാതി ലഭിച്ചാല്‍ കേസെടുക്കാമെങ്കിലും ഡിസ് ലൈക്ക് ചെയ്യുന്നതിന് കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

നവാഗതയായ റോഷ്ണി ദിനകറാണ് മൈ സ്റ്റോറി സംവിധാനം ചെയ്തിട്ടുള്ളത്. തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്. ഷാന്‍ റഹ്മാന്‍ ഒരുക്കിയ ആറു ഗാനങ്ങളും സിനിമയിലുണ്ട്.

Top