ദാവൂദ് ഇബ്രാഹിമിന് ജന്മദിന ആശംസ; സോഷ്യല്‍ മീഡിയ കലിപ്പില്‍; പോലീസ് നടപടിയും

ധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് ജന്മദിന ആശംകള്‍ നേര്‍ന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായി മാറിയതോടെ ഓണ്‍ലൈന്‍ ലോകം രോഷത്തില്‍. ‘ഹാപ്പി ബര്‍ത്ത്‌ഡേ ബോസ്’ എന്ന സന്ദേശത്തോടെയാണ് ഫേസ്ബുക്ക് ഉപയോക്താവായ ഷേരാ ചിക്‌ന ദാവൂദിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. പോസ്റ്റ് വൈറലായി മാറിയതോടെ നിരവധി പേര്‍ വിവരം റിപ്പോര്‍ട്ട് ചെയ്യുകയും പോലീസ് നടപടി ആവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്തു.

എഫ്ബിയില്‍ പോസ്റ്റ് പങ്കിട്ടയാള്‍ തങ്ങളുടെ സ്റ്റേഷന്‍ പരിധിയിലുള്ള വ്യക്തിയാണെന്ന് മുംബൈ ഡോംഗ്രി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ സ്വകാര്യ ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. പോസ്റ്റ് പങ്കുവെച്ച വ്യക്തിക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ അജയ് ശ്രീവാസ്തവ് പറഞ്ഞു.

‘ഒരു ഭീകരവാദിയെ മഹത്‌വത്കരിക്കുന്നത് തെറ്റാണ്. കുറ്റകൃത്യങ്ങള്‍ ആഘോഷിക്കുന്നതാണെന്ന തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നത്. ദാവൂദിനെ പേടിച്ചുള്ള ജീവിതത്തില്‍ നിന്നും ആളുകളെ തിരിച്ചെത്തിക്കാന്‍ വര്‍ഷങ്ങളായി നമ്മള്‍ ശ്രമിക്കുകയാണ്. ഹാപ്പി ബര്‍ത്ത്‌ഡേ നേര്‍ന്ന വ്യക്തിക്കെതിരെ മുംബൈ പോലീസ് കര്‍ശന നടപടി കൈക്കൊള്ളണം’, ശ്രീവാസ്തവ് ആവശ്യപ്പെട്ടു.

ദാവൂദിന്റെ ജന്മദിനം ഡിസംബര്‍ 26നാണ്. വ്യാഴാഴ്ച ഇയാള്‍ക്ക് 64 വയസ്സായി. ഫോണ്‍ പോലും ഉപയോഗിക്കാതെയാണ് ദാവൂദ് പാകിസ്ഥാനില്‍ കഴിയുന്നതെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ കരുതുന്നത്. 2016 നവംബറിന് ശേഷം ഇയാളുടെ ഒരു ഫോണ്‍ വിളി പോലും ഡല്‍ഹി പോലീസിന് ചോര്‍ത്തി ലഭിച്ചിട്ടില്ല. എന്നാല്‍ മറ്റ് വിധത്തില്‍ ഡി കമ്പനി പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നതായാണ് വിവരം. ഇത് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Top