മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി; യുവാവിന് മൂന്നു വര്‍ഷം ശിക്ഷ

GIRLS

തിരുച്ചി: സാമൂഹ്യ മാധ്യമങ്ങളിലൂടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവിന് മൂന്ന് വര്‍ഷം തടവും 5000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. നിര്‍മ്മാണ തൊഴിലാളി എസ് അജിത് കുമാര്‍ എന്നയാള്‍ക്കാണ് തിരുച്ചി വനിത കോടതി ശിക്ഷ വിധിച്ചത്.

പെണ്‍കുട്ടിയെ ശാരീരികമായി അപമാനിക്കാന്‍ ശ്രമിച്ചതിനും കോടതി മൂന്ന് വര്‍ഷം ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. അയല്‍വാസിയായ 17 കാരി പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ അപമാനിക്കാനുള്ള ശ്രമം ആരംഭിച്ചത്. വാട്‌സ് ആപ്പ് സ്റ്റാറ്റസായി പെണ്‍കുട്ടി ഉപയോഗിച്ച ചിത്രം ഡൗണ്‍ലോഡ് ചെയ്ത് മറ്റൊരു ചിത്രവുമായി എഡിറ്റ് ചെയ്ത് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു ഇയാള്‍.

പെണ്‍കുട്ടിയുടെ സഹോദരന്‍ ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

Top