സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകള്‍ രാജ്യ നിയമങ്ങള്‍ പാലിക്കണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ദില്ലി: സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കണമെന്ന് മാത്രമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് എന്നും ആര്‍ക്കും എതിരായല്ല നിലകൊള്ളുന്നതെന്നും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ വിലക്കാനും ഉള്ളടക്കം നീക്കം ചെയ്യാനും ട്വിറ്ററിന് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ട്വിറ്ററിന്റെ മുന്‍ മേധാവി ജാക്ക് ഡോര്‍സിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

‘നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഏതൊരു പ്ലാറ്റ്ഫോമുമായും സര്‍ക്കാരിനുള്ള ബന്ധം. ആര്‍ക്കും എതിരായല്ല നിലകൊള്ളുന്നത്. നിങ്ങള്‍ ഒരു വലിയ പ്ലാറ്റ്‌ഫോം ആണോ ചെറിയ പ്ലാറ്റ്‌ഫോമാണോ അതോ വിദേശ പ്ലാറ്റ്‌ഫോമോ ഇന്ത്യന്‍ പ്ലാറ്റ്‌ഫോമോ ആണോ എന്നൊന്നും പരിഗണിക്കാതെ ഇന്ത്യന്‍ നിയമങ്ങളെ മാനിക്കണം എന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല.’ഡിജിറ്റല്‍ ഭാരത് ഇക്കോയില്‍ ചന്ദ്രശേഖര്‍ പറഞ്ഞു.

ഡോര്‍സിയുടെ ആരോപണം പച്ചക്കള്ളം ആണെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ പ്രതികരണം. ട്വിറ്ററിന്റെ ചരിത്രത്തിലെ സംശയാസ്പദമായ ചിലതൊക്കെ മായ്ച്ചുകളയാനുള്ള ശ്രമമാണിതെന്നും മന്ത്രി പറഞ്ഞു.

ഡോര്‍സിയുടെ കാലത്ത് ട്വിറ്ററിന് ഇന്ത്യന്‍ നിയമത്തിന്റെ പരമാധികാരത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും ഇന്ത്യയിലെ നിയമ വ്യവസ്ഥ തങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടിലാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഇവിടുത്തെ നിയമം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Top