രാഹുലിനെ മാറ്റാന്‍ ആന്റണിയെ വിളിച്ച് സോഷ്യല്‍ മീഡിയ താരം ‘ആറാട്ടണ്ണന്‍’

സോഷ്യല്‍ മീഡിയകളുടെ പുതിയ കാലമാണിത്. ഒരു സാധാരണക്കാരന്റെ അഭിപ്രായത്തിനു പോലും വലിയ രൂപത്തില്‍ പ്രചാരം കിട്ടുന്ന കാലമാണിത്. അതു കൊണ്ടു തന്നെ ദുരുപയോഗവും കൂടുതലാണ്. വ്യക്തി സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ഇക്കൂട്ടര്‍ നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടുന്നത്. നിലവിലെ സൈബര്‍ നിയമത്തിന് കടുത്ത നടപടിയിലേക്ക് കടക്കാന്‍ പ്രയാസമുള്ളതിനാല്‍, ദിനം പ്രതി സൈബര്‍ ആക്രമണവും കൂടുതലാണ്. ബോളിവുഡ് സിനിമകള്‍ക്കെതിരായ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിന്റെ ബഹിഷ്‌ക്കരണ ഭീഷണിയില്‍ തട്ടി അമീര്‍ ഖാന്റെ ഉള്‍പ്പെടെയുള്ള വമ്പന്‍ സിനിമകളാണ് ‘പ്രഹരം’ ഏറ്റു വാങ്ങിയിരിക്കുന്നത്. ‘തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് എല്ലാം നശിപ്പിച്ചു കളയും’ എന്ന സൈബര്‍ മേഖലയിലെ ഇത്തരം ക്രിമിനലുകളുടെ ബോധം ജനാധിപത്യ ഇന്ത്യയ്ക്കു തന്നെ ഭീഷണിയാണ്. സിനിമ, രാഷ്ട്രീയം, മതം, ജാതി, മറ്റു വ്യവസായങ്ങള്‍… തുടങ്ങി.. സകലതിനെയും ഒരു വ്യക്തിയുടെ താല്‍പ്പര്യത്തിന് അനുസരിച്ച് മാറ്റം വരുത്തി വിലയിരുത്തുന്ന രൂപത്തിലേക്കാണ്, സോഷ്യല്‍ മീഡിയ വളര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയകളെ സംബന്ധിച്ച് ‘ഒറ്റയാള്‍ പട്ടാളം ഒരു സൈന്യമായി രൂപാന്തരപ്പെടാന്‍’ നിമിഷങ്ങള്‍ മതി. അതാണ് പുതിയ കാലത്തിന്റെ മാറ്റം.

മുഖ്യധാരാ ചാനലുകള്‍ പോലും ഓണ്‍ലൈന്‍ മീഡിയകളിലും സോഷ്യല്‍ മീഡിയകളിലും സജീവമായി പിടിച്ചു നില്‍ക്കാനാണ് നിലവില്‍ ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ വാര്‍ത്ത മുക്കിയാലും സോഷ്യല്‍ മീഡിയ ‘പൊക്കുമെന്ന ‘ ബോധം നല്ലതാണെങ്കിലും, ദുരുപയോഗം എതിര്‍ക്കപ്പെടേണ്ടതുണ്ട്.

കോടികള്‍ മുടക്കി എടുക്കുന്ന സിനിമക്കെതിരായ ഒരു പ്രതികരണത്തിന് പോലും ഒരുപാട് പേരെ മുടക്കാന്‍ ശേഷിയുണ്ട്. അതു പോലെ തന്നെ അനുകൂലമായ പ്രതികരണങ്ങള്‍, വീണു പോകുമായിരുന്ന സിനിമകളെ വമ്പന്‍ വിജയത്തിലേക്ക് നയിച്ച ചരിത്രവും നമ്മുടെ രാജ്യത്തുണ്ട്. അതു കൊണ്ടു തന്നെ ഒറ്റയാള്‍ അഭിപ്രായ പ്രകടനങ്ങളെ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് സിനിമാ മേഖലയാണ്. ആറാട്ട് എന്ന സിനിമ കണ്ട് പുറത്തിറങ്ങിയ കൊച്ചിക്കാരന്‍ സന്തോഷ് വര്‍ക്കിയുടെ ‘ലാലേട്ടന്‍ ആറാടുകയാണ് ‘ എന്ന പ്രതികരണം വലിയ രൂപത്തിലാണ് വൈറലായത്. ആറാട്ടണ്ണന്‍’ എന്ന പേര് നല്‍കിയാണ് അദ്ദേഹത്തെ സോഷ്യല്‍ മീഡിയ സ്വീകരിച്ചിരുന്നത്. ഇതിനു ശേഷം ചില നടിമാരോടുള്ള ആറാട്ടണ്ണന്റെ ഏകപക്ഷീയമായ പ്രണയം, അദ്ദേഹത്തിന് നെഗറ്റീവ് പബ്ലിസിറ്റിയാണ് നേടി കൊടുത്തിരുന്നത്. ആറാട്ടണ്ണനെതിരെ നടി നിത്യാ മേനോനു പോലും പരസ്യമായി രംഗത്തു വരേണ്ട സാഹചര്യവും ഉണ്ടായി. ഇതുവരെ സിനിമാ താരങ്ങള്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമാണ് ആറാട്ടണ്ണന്‍ ആശങ്ക സൃഷ്ടിച്ചതെങ്കില്‍, ഇപ്പോള്‍ രാഷ്ട്രീയത്തിലും അദ്ദേഹം ‘കൈ’ വച്ചിരിക്കുകയാണ്.

രാഹുല്‍ ഗാന്ധിയെ മാറ്റി നിര്‍ത്തണമെന്ന് സാക്ഷാല്‍ എ കെ ആന്റണിയെ വിളിച്ചാണ് ‘ആറാട്ടണ്ണന്‍’ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം പരസ്യമായി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയക്കാരെല്ലാം ആറാട്ടണ്ണനെ സംബന്ധിച്ച് ഫ്രോഡുകളാണ്. ഇഷ്ടപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ആം ആദ്മി പാര്‍ട്ടിയും, നേതാവ് അരവിന്ദ് കെജരിവാളുമാണ്. ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ പ്രശ്‌നമാകുമെന്ന മുന്നറിയിപ്പ് നല്‍കുമ്പോഴും, നരേന്ദ്ര മോദിയുടെ കഴിവിനെ ആറാട്ടണ്ണന്‍ അംഗീകരിക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി നെഹറുവിനെയും മുന്‍ മുഖ്യമന്ത്രി അച്ചുതമേനോനെയും വലിയ ഇഷ്ടമാണ്.

ഈ ഉന്നത വിദ്യാസമ്പന്നന്റെ ആകെ മൊത്തം കേട്ടാല്‍ കേള്‍ക്കുന്നവര്‍ക്ക് പോലും ‘വട്ടായി’ പോകുന്ന ‘വ്യത്യസ്തമായ’ പ്രതികരണങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, ഇതു പോലെ ഒരുപാട് ‘അണ്ണന്‍മാരും അണ്ണികളുമാണ് ‘ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇവരുടെ പ്രതികരണങ്ങള്‍ പ്രേക്ഷകര്‍ ഏത് അര്‍ത്ഥത്തില്‍ എടുത്താലും, അത് കേള്‍ക്കാന്‍ ഒരുപാട് പേരുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.

Top