Social media misuse; senkumar’s new order

കൊച്ചി:: സോഷ്യല്‍മീഡിയയെ പൊലീസ് സേനാംഗങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ പുറപ്പെടുവിച്ച ഉത്തരവ് മാതൃകാപരമാണെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍വൈസ് ചാന്‍സിലറും രാജ്യത്തെ പ്രമുഖചരിത്രകാരനുമായ ഡോ കെകെഎന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു.

സൈബര്‍കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്ന പുതിയ കാലത്ത് പൊലീസ് സേനാംഗങ്ങള്‍ അറിഞ്ഞായാലും അറിയാതെയായാലും ഇത്തരം കുറ്റകൃത്യങ്ങളുടെ ഭാഗമായി മാറുന്നത് ആശ്വാസകരമല്ല. പൊലീസില്‍ ഹൈടെക് സെല്ലിന്റെയും സൈബര്‍ സെല്ലിന്റെയും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സത്യസന്ധരായിരിക്കണമെന്ന കാര്യം ഡിജിപി ഉറപ്പ് വരുത്തണമെന്നും കെകെഎന്‍ കുറുപ്പ് ആവശ്യപ്പെട്ടു.

ക്രിമിനല്‍ സ്വഭാവമുള്ള ചില ഉദ്യോഗസ്ഥര്‍ ചീപ്പ് പബ്ലിസിറ്റിക്കായി ഫാന്‍സ് അസോസിയോഷനുകളുണ്ടാക്കി വരെ സെല്‍ഫ് പ്രമോ
ഷനുകള്‍ നടത്തുന്നുണ്ട്.

ചില ഉദ്യോഗസ്ഥന്മാര്‍ സ്വന്തം താല്‍പര്യം മുന്‍നിര്‍ത്തിയും മറ്റ് പലരുടെയും താല്‍പര്യങ്ങള്‍ക്ക് അനുസൃതമായും അനധികൃതമായി ഫോണ്‍ സംഭാഷണം ചോര്‍ത്തുകയും കാള്‍ ഡീറ്റയില്‍സ് എടുക്കുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ടെന്ന ആക്ഷേപവും പരക്കെയുണ്ട്. ഇക്കാര്യത്തിലും അടിയന്തിര നടപടി സെന്‍കുമാറിനെ പോലെയുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നുണ്ടെന്ന് കെകെഎന്‍ കുറുപ്പ് ചൂണ്ടിക്കാട്ടി.

പൊലീസ് സേനാംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലും ഇന്റര്‍നെറ്റിലുമുള്ള വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗികവേഷം ധരിച്ച ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കിയത്.

സമൂഹമാധ്യമങ്ങളില്‍ വ്യക്തിപരമായ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഔദ്യോഗിക ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിക്കരുത്. യൂണിറ്റ് മേധാവിയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ യൂണിറ്റിന്റെ പേരില്‍ ഔദ്യോഗിക ഗ്രൂപ്പുകളോ പ്രൊഫൈലുകളോ പേജുകളോ പ്രസിദ്ധീകരിക്കുകയും ചെയ്യരുതെന്നും ഡിജിപി സര്‍ക്കുലറിലൂടെ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളുടെ വ്യക്തിപരമായ ഉപയോഗങ്ങള്‍ക്കായി ഔദ്യോഗിക കമ്പ്യൂട്ടറുകളോ നെറ്റ്വര്‍ക്കുകളോ ഉപയോഗിക്കരുത്. കേസ് അന്വേഷണത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍, അതില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍, ഔദ്യോഗിക യാത്രകളുടെ വിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവ സ്വകാര്യ അക്കൗണ്ടുകളില്‍ പ്രസിദ്ധപ്പെടുത്തരുത്.

കോടതി പരിഗണനയിലുള്ള വിഷയങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങളോ ചര്‍ച്ചകളോ കമന്റുകളോ സ്വകാര്യ അക്കൗണ്ടുകളില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല. സ്ത്രീകളെയോ ഉദ്യോഗസ്ഥരെയോ മറ്റു വ്യക്തികളെയോ ഏതെങ്കിലും മതസാമുദായിക വിഭാഗങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കരുത്. അത്തരത്തില്‍ പ്രസിദ്ധീകരിച്ച മറ്റാരുടെയെങ്കിലും പോസ്റ്റുകള്‍ പങ്കുെവക്കുകയോ ചെയ്യരുത്. ഇത്തരം പോസ്റ്റുകള്‍ കമന്റുചെയ്യാനോ ലൈക്ക് ചെയ്യാനോ പാടില്ല.

രാഷ്ട്രീയ ചായ്‌വുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനോ അയച്ചുകൊടുക്കാനോ ഷെയര്‍ചെയ്യാനോ കമന്റുചെയ്യാനോ ലൈക്ക് ചെയ്യാനോ പാടില്ല. വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായ കാര്യങ്ങള്‍ സമൂഹകമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്നതായി പരാതി ലഭിച്ചാല്‍ കര്‍ശന വകുപ്പുതല അച്ചടക്കനടപടികളും നിയമനടപടികളും സ്വീകരിക്കുമെന്നും പൊലീസ് മേധാവി സര്‍ക്കുലറില്‍ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ നിയമവിരുദ്ധ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചാല്‍, ആ ഗ്രൂപ്പുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍ നിയമനടപടിക്ക് വിധേയരാകും. സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം വഹിക്കുന്ന പൊലീസ് സേനാംഗങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണം.

സമൂഹമാധ്യമങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും ദുര്‍വിനിയോഗം, വിവരസാങ്കേതിക നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം, കേരള പൊലീസ് ആക്ട്, സ്ത്രീകളുടെ അന്തസ്സിന് ഭംഗംവരുത്തുന്ന രീതിയില്‍ അവതരിപ്പിക്കുന്നത് നിരോധിക്കല്‍ ആക്ട് എന്നീ നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണ്. നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ നിയമനടപടികള്‍ക്ക് പുറമെ വകുപ്പുതല അന്വേഷണവും പരമാവധി സര്‍വീസില്‍നിന്ന് പിരിച്ചുവിടല്‍ വരെയുള്ള നടപടികളും സ്വീകരിക്കുമെന്നും പൊലീസ് മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരള പൊലീസ് ഔദ്യോഗികമായിത്തന്നെ സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായി കാര്യക്ഷമമായി ഇടപെടുന്നുണ്ട്. പൊലീസ് സേനാംഗങ്ങള്‍ തങ്ങളുടെ വ്യക്തിപരമായ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍, പൊലീസിന്റെ ഔദ്യോഗിക വിശദീകരണങ്ങളായി വ്യാഖ്യാനിക്കാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്നാണ് സെന്‍കുമാര്‍ അറിയിച്ചത്.

Top