സഹായം അഭ്യര്‍ത്ഥിച്ച സയനോരയെ പരിഹസിച്ചു; പ്രവാസിക്ക് കിടിലന്‍ മറുപടി നല്‍കി ജോയ് മാത്യൂ

തിരുവനന്തപുരം: മഹാമാരിയില്‍ അഭയം തേടി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഗായിക സയനോരയെ പരിഹസിച്ച പ്രവാസിയെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യൂ.

കണ്ണൂര്‍ ജില്ലയിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫേസ്ബുക്കില്‍ സയനോരയുടെ പോസ്റ്റ് നടന്‍ ജോയ് മാത്യൂ ഷെയര്‍ ചെയ്തിരുന്നു. കഴിയാവുന്ന സഹായം നല്‍കാമെന്ന് അറിയിച്ച് നിരവധി പേരാണ് ഈ പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്.

പ്രവാസിയായ നിഷാധാണ് സയോനോരയുടെ പോസ്റ്റിന് താഴെ പരിഹാസ കമന്റ് ഇട്ടത്. നാട് സഹായത്തിനായി കേഴുമ്പോള്‍ അടുത്തവര്‍ഷത്തേയ്ക്ക് കൂടി വാങ്ങി വച്ചോളു എന്ന രീതിയിലാണ് ഇദ്ദേഹം പരിഹസിക്കുന്നത്. ഈ കമന്റിന് താഴെ നിരവധി പേരാണ് നിഷാദിനെ വിമര്‍ശിച്ചുകൊണ്ട് മറുപടി നല്‍കിയിരിക്കുന്നത്.

ജോയ് മാത്യുവും യുവാവിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചിട്ടുണ്ട്. എന്തൊരു മനുഷ്യനാടോ താന്‍ എന്നാണ് നടന്‍ ജോയ് മാത്യൂ നിഷാദിന് മറുപടി നല്‍കിയിരിക്കുന്നത്.

Top