Social media is the important role in Assembly Election campaign

തിരുവനന്തപുരം: ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ താരം സോഷ്യല്‍ മീഡിയ.

ഫെയ്‌സ്ബുക്കും വാട്‌സ് ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയ വന്‍ പ്രചാരത്തിലായതിനുശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത് എന്നതിനാല്‍ പ്രചരണ രംഗത്ത് ഏറ്റവും ശക്തമായ ഇടപെടല്‍ നടത്തുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേക ‘സൈബര്‍ സെല്‍’ തന്നെ രൂപീകരിച്ചിരിക്കുകയാണ്.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നിലക്കും പ്രാദേശിക സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയുടെ പേരിലും ഇതിനകം തന്നെ നിരവധി അക്കൗണ്ടുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

25,000-ത്തിന് മുകളില്‍ ലൈക്കുള്ള ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവരെ ഒരു പാക്കേജുണ്ടാക്കി കൂടെ നിര്‍ത്താന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി ഇതിനകം തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലം ഫലത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വിവിധ ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് കൊയ്ത്ത് കാലമായാണ് മാറാന്‍ പോകുന്നത്.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എളുപ്പത്തില്‍ തലയൂരാന്‍ പറ്റുന്ന ‘സാഹചര്യവും’ സോഷ്യല്‍ മീഡിയയിലുണ്ട്.

വ്യക്തമായ സാമ്പത്തിക ചെലവിന്റെ കണക്കുകള്‍ മറ്റ് പ്രചരണങ്ങളെപ്പോലെ തിട്ടപ്പെടുത്താന്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ പറ്റില്ല. പിന്നെ വ്യക്തികളും സ്വതന്ത്ര ഗ്രൂപ്പുകളും ഇടുന്ന പോസ്റ്റിന്റെയും ക്യംപെയിനിന്റെയും ഉത്തരവാദിത്വവും സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കെട്ടിവയ്ക്കാനും ബുദ്ധിമുട്ടാണ്.

സ്ഥാനാര്‍ത്ഥിയെ വോട്ട് ചെയ്ത് വിജയിപ്പിക്കുക എന്നത് പ്രത്യക്ഷമായി പറയാതെ ആ മണ്ഡലത്തിലെ സാഹചര്യങ്ങളും അവിടെ ഏത് സ്ഥാനാര്‍ത്ഥിയാണോ വിജയിക്കേണ്ടത് ആ സ്ഥാനാര്‍ത്ഥിയുടെ കഴിവുകളും മറ്റും പരമാവധി പ്രചരിപ്പിക്കുക എന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രം.

നഗര വോട്ടര്‍മാരില്‍ മാത്രമല്ല ഗ്രാമങ്ങളിലെ വോട്ടര്‍മാരിലും സോഷ്യല്‍ മീഡിയ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ ഒരു വീട്ടില്‍ ഒരാളെങ്കിലും സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവരുണ്ടാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

അതുകൊണ്ടു തന്നെ ഇത്തവണ വോട്ടര്‍മാരില്‍ നല്ലൊരു പങ്കിനെയും സ്വാധീനിക്കുന്ന മാധ്യമമായി സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ മാധ്യമങ്ങളും മാറുമെന്ന് തന്നെയാണ് അവരുടെ പക്ഷം.

അതേസമയം വ്യക്തിഹത്യ ഏറ്റവും കൂടുതല്‍ എളുപ്പത്തില്‍ നടക്കുകയും വൈറലാവുകയും ചെയ്യുന്ന മേഖലയായതിനാല്‍ കര്‍ക്കശമായ മുന്നറിയിപ്പ് ഇലക്ഷന്‍ കമ്മീഷന്‍ ഇതു സംബന്ധമായി പുറപ്പെടുവിക്കുമെന്നാണ് സൂചന.

പൊലീസിലെ സൈബര്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും കൂടുതല്‍ പേരെ ഈ രംഗത്ത് നിയമിക്കാനും അടിയന്തര നടപടി ഉടനുണ്ടാകും.

ചുരുങ്ങിയ ചെലവില്‍ പ്രചരണം സെക്കന്റുകള്‍ക്കുള്ളില്‍ ലക്ഷങ്ങളില്‍ എത്തിക്കാന്‍ പറ്റുമെന്നതിനാല്‍ യൂണിറ്റ് തലംമുതല്‍ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഫെയ്‌സ്ബുക്ക്,വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയവ പ്രവര്‍ത്തനം ഇപ്പോള്‍ തന്നെ സജീവമായിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതോടെ പ്രചാരണ കൊടുങ്കാറ്റ് അഴിച്ചുവിടാനാണ് നീക്കം.

Top