ശ്രീറാം വെങ്കിട്ടരാമനെ ആക്രമിക്കുന്നത് ചെറുക്കാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ !

കാറിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം കത്തി പടരുന്നു. മാധ്യമ ലോകവും പ്രമുഖ രാഷ്ട്രീയ നേതൃത്വങ്ങളും സര്‍ക്കാരും ഒറ്റക്കെട്ടായി പ്രതിയായ ഐ.എ.എസുകാരനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് ഒരു വിഭാഗമിപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഈ വിഭാഗം സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തുന്നത്. പേരില്‍ ശ്രീറാം ഉള്ളത് കൊണ്ടു മാത്രം ആരും കലി തുള്ളരുത് എന്നാണ് ശ്രീറാം അനുകൂലികളുടെ പ്രതികരണം. കെ.എം.ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പ്രത്യേകം ലക്ഷ്യം വെച്ച് ശ്രീറാം വെങ്കിട്ടരാമനെ അക്രമിക്കുന്നതാണ് പ്രതിരോധത്തിനും വഴിവച്ചിരിക്കുന്നത്.

സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലാണ് ശ്രീറാമിനു വേണ്ടി മുറവിളി ഉയരുന്നത്. ബി.ജെ.പി നേതാവ് അഡ്വ.കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായാണ് രൂക്ഷ പ്രതികരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

മുഖ്യമന്ത്രി പരസ്യമായി ശാസിച്ചിട്ടും ഭൂമി കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. ഇടത് മാധ്യമ പ്രവര്‍ത്തകരെയും സി.പി.എം സൈബര്‍ സഖാക്കളെയും രൂക്ഷമായി വിമര്‍ശിച്ചാണ് ശ്രീകാന്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.

ബോധപൂര്‍വമല്ലാത്ത കൊലപാതകത്തിന് ശ്രീറാമിനെതിരെ കേസെടുത്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലന്നാണ് അദ്ദേഹത്തിന്റെ വാദം.റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ എടുക്കേണ്ട കേസ് ഐ.പി.സി 279,338,304 എ വകുപ്പുകള്‍ ചേര്‍ത്ത് മാത്രമാണ്. മദ്യപിച്ചാണ് വാഹനം ഓടിച്ചതെങ്കില്‍ 185 -ാം വകുപ്പ് കുടി ചേര്‍ക്കാവുന്നതുമാണ്. എന്നാല്‍ ഈ സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തത് എന്തടിസ്ഥാനത്തിലാണെന്നാണ് ബി.ജെ.പി നേതാവിന്റെ ചോദ്യം.

മരിച്ച ബഷീറുമായി ശ്രീറാമിന് ഒരു വിരോധവും ഇല്ലെന്നും കൊല്ലാനുള്ള ഉദ്ദേശത്തോടെ പ്രതി വാഹനമോടിച്ചതായി ആര്‍ക്കും ആക്ഷേപം ഇല്ലെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു. ശ്രീറാമിനെ ന്യായികരിക്കുവാനല്ല മറിച്ച് നിയമത്തെ വളച്ചൊടിക്കുന്നതിനെയാണ് താന്‍ ചോദ്യം ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഭൂമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ഐ.എ.എസുകാരനായതിനാല്‍ അവസരം കിട്ടിയപ്പോള്‍ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ശ്രീകാന്ത് തുറന്നടിക്കുന്നു. വിവാദങ്ങളില്‍ നിന്നും തലയൂരാന്‍ ശ്രീറാമിനെ ജയിലിലാക്കി മാധ്യമങ്ങളുടെ കയ്യടി വാങ്ങാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ശ്രീറാം കൊലക്കുറ്റത്തിന് പ്രതിയാകുമ്പോള്‍ അട്ടഹസിക്കുന്നത് ഭൂ മാഫിയയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ഒരു സഹപ്രവര്‍ത്തകനെ നഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാം പക്ഷേ പൊലീസ് നടപടി ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലന്നും ബി.ജെ.പി നേതാവ് ഫെയ്സ് ബുക്കില്‍ തുറന്നടിച്ചു.ശ്രീകാന്തിന്റെ ഈ പ്രതികരണം സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്.

ഇതിനു സമാനമായ നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വന്നു കൊണ്ടിരിക്കുന്നത്. ഒരു തെറ്റിന്റെ പേരില്‍ ഒരാളെ ജീവിതത്തില്‍ നിന്നു തന്നെ പടിയടച്ചു പിണ്ഡം വെച്ച് കളയാം എന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ശ്രീറാം അനുകൂലികളുടെ നിലപാട്. ആളെവെച്ച് പരീക്ഷയെഴുതി മാര്‍ക്ക് തിരുത്തി ഐ.എ.എസ് പരീക്ഷ ജയിച്ചയാളല്ല ശ്രീറാം എന്ന പ്രതികരണവും സോഷ്യല്‍ മീഡിയകളില്‍ ശക്തമാണ്.

ശ്രീറാം എം.ബി.ബി.എസ് പാസായ ഡോക്ടര്‍ ആണെന്നും മനുഷ്യ സ്നേഹം അറിയാമെന്നുമുള്ള പ്രതികരണങ്ങളും വ്യാപകമാണ്. തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം സമൂഹ നന്മക്ക് വേണ്ടി ഉപയോഗിച്ച ഉദ്യോഗസ്ഥനാണ് ശ്രീറാം, അദ്ദേഹം പിഴുതു മാറ്റിയ കുരിശ് അന്യന്റെ മുതല്‍ ആഗ്രഹിക്കരുത് എന്ന് പറഞ്ഞ കര്‍ത്താവിന്റെ കുരിശല്ല, കള്ളന്റെ, കയ്യേറ്റക്കാരുടെ കുരിശാണെന്നും ശ്രീറാം അനുകൂലികള്‍ അവകാശപ്പെടുന്നു.

ശ്രീറാം ഒരു സ്ഥിരം കുറ്റവാളിയല്ലെന്നും, തീവ്രവാദിയല്ലെന്നും സ്ത്രീപീഢന കേസില്‍ പ്രതിയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘മദ്യപിക്കുക എന്നത് ഒരു തെറ്റല്ല, അതയാള്‍ ചെയ്തത് ജോലി സമയത്തുമല്ല, മദ്യപിച്ച് വാഹനം ഓടിച്ചതാണ് തെറ്റ്. അപകടം നടന്ന സ്ഥലത്ത് നിന്നും അദ്ദേഹം ഓടിപ്പോയില്ലന്നും’ തന്നാല്‍ കഴിയുന്നത് ചെയ്താണ് ചികിത്സ തേടി പോയതെന്നുമാണ് ശ്രീറാം അനുകൂലികളുടെ വാദം.

ആദ്യമായി പറ്റിപ്പോയ ഒരു തെറ്റിന്റെ പേരില്‍ വിചാരണ കൂടാതെ ക്യാപ്പിറ്റല്‍ പണിഷ്മെന്റ് കൊടുത്ത് കളയാം എന്നത് ശരിയായ നിലപാടല്ലെന്നും അവര്‍ പറയുന്നു. യൂണിവേഴ്സിറ്റി കോളജ് പ്രശ്നം, ഡി.എന്‍.എ ടെസ്റ്റ്, കോഴിക്കോട്ടെ ആസിഡ് ആക്രമണം, രാഖിയുടെ കൊലപാതകം, നസീര്‍ വധശ്രമം, തൃശ്ശൂരിലെ കൊലപാതകം, കൊല്ലത്തെ ആള്‍ക്കൂട്ട കൊലപാതകം ഇവയൊക്കെ ഒറ്റയടിക്ക് മറന്ന് കൊണ്ട് ശ്രീറാമിനെ തൂക്കിലേറ്റാന്‍ ലൈവ് പ്രക്ഷേപണം നടത്തുകയാണ് മാധ്യമങ്ങളെന്ന ആക്ഷേപവും ഈ വിഭാഗത്തിനുണ്ട്.

ഐ.എ.എസ് പണി പോയാല്‍ ഡോക്ടര്‍ പണി ചെയ്തെങ്കിലും ശ്രീറാം ജീവിക്കുമെന്നും ജീവിതത്തില്‍ നിന്നും പടിയടച്ച് പിണ്ഡം വെക്കാതിരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.ശ്രീറാമിന്റെ കൂട്ടുകാരും ആരാധകരും ഉള്‍പ്പെടെ പ്രതികരണങ്ങളുമായി ഇറങ്ങിയതോടെ ഒരു ‘യുദ്ധം ‘തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്.

മരണപ്പെട്ട മാധ്യമ പ്രവര്‍ത്തകനു വേണ്ടി മാധ്യമ പ്രവര്‍ത്തകരും സി.പി.എം സൈബര്‍ സഖാക്കളുമാണ് ശക്തമായി രംഗത്തുള്ളത്. മൂന്നാര്‍ സബ് കളക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമനെ കുറിച്ച് തങ്ങള്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നത്. വീണു കിട്ടിയ അവസരം ശരിക്കും സഖാക്കള്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്.

ആദ്യ ദിനം മൗനം പാലിച്ച സംഘപരിവാറുകാര്‍ ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണത്തോടെയാണ് സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. ചില പ്രത്യേക ‘ഗ്രൂപ്പുകള്‍’ ശ്രീറാമിനെ പ്രത്യേക ഉദ്യേശത്തോടെ കടന്നാക്രമിക്കുകയാണെന്നാണ് കാവിപ്പടയുടെ ആക്ഷേപം. ഇതിന് സഹായകരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.പിണറായി സര്‍ക്കാരിനെയും സി.പി.എമ്മിനെയും ലക്ഷ്യമിട്ടാണ് പരിവാര്‍ പ്രവര്‍ത്തകരിപ്പോള്‍ പ്രചരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

Staff Reporter

Top