സര്‍വ സന്നാഹങ്ങളും ഒരുക്കി സംഘപരിവാര്‍, സോഷ്യല്‍ മീഡിയയില്‍ ലക്ഷം പോരാളികള്‍

Congress & BJP

ബംഗളൂരു: കര്‍ണ്ണാട പിടിക്കാന്‍ കച്ചമുറുക്കി സംഘപരിവാര്‍ സംഘടനകള്‍ . . ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സും . . കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ചൂടില്‍ തിളച്ചുമറിയുകയാണിപ്പോള്‍.

ഇന്നലെ വരെ കോണ്‍ഗ്രസ്സിന് മുന്‍തൂക്കം പ്രവചിച്ച അഭിപ്രായ സര്‍വേകള്‍ അട്ടിമറിച്ച് ബി.ജെ.പി തകര്‍പ്പന്‍ വിജയം നേടുമെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ അവകാശപ്പെടുന്നത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ആര്‍.എസ്.എസ്, വി.എച്ച്.പി, എ.ബി.വി.പി പ്രവര്‍ത്തകരോട് സജീവമായി രംഗത്തിറങ്ങാന്‍ നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു.

സോഷ്യല്‍ മീഡിയ തിരഞ്ഞെടുപ്പ് വിധിയെ സ്വാധീനിക്കുന്ന പുതിയ കാലത്ത് പുത്തന്‍ ഡിജിറ്റല്‍ തന്ത്രങ്ങളുമായി ഓരോ വോട്ടര്‍മാരെയും സ്വാധീനിക്കുക എന്നതിനാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രാമുഖ്യം നല്‍കുന്നത്.

നിരവധി പ്രവര്‍ത്തകര്‍ 24 മണിക്കൂറും ഷിഫ്റ്റായി പ്രവര്‍ത്തിക്കുന്ന സൈബര്‍ വാര്‍ റൂം സ്റ്റാര്‍ട്ടപ് കമ്പനി പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാവരും എപ്പോഴും ലൈവായിരിക്കണമെന്ന നിര്‍ദ്ദേശം അക്ഷരം പ്രതി ഇവിടെ നടപ്പാക്കപ്പെടുന്നു.

മുന്‍ എ.ബി.വി.പി നേതാവായ ബാലാജി ശ്രീനിവാസ് ആണ് സോഷ്യല്‍ മീഡിയ സെല്ലിന്റെ മേധാവി. 80-100 പേരുള്ള കാല്‍ ലക്ഷം വാട്‌സാപ് ഗ്രൂപ്പുകള്‍ ഇതിനകം തന്നെ ബി.ജെ.പി തയ്യാറാക്കിയിട്ടുണ്ട്. ഇത് ഒരുലക്ഷം ആയി ഉടന്‍ ഉയര്‍ത്തുവാനാണ് തീരുമാനം.

ഫീല്‍ഡില്‍ ഇറങ്ങി വോട്ടര്‍മാരുടെ അഭിരുചി മനസ്സിലാക്കിയാണ് സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്നത്. ഫെയ്‌സ് ബുക്കില്‍ വലിയ അംഗ സംഖ്യയുള്ളവയെ തേടിപ്പിടിച്ച് പ്രത്യേക സംവിധാനത്തിലാക്കി ഇതു വഴിയും വിപുലമായ ക്യാംപയിന്‍ ആണ് നടന്നു വരുന്നത്.

ബി.ജെ.പിയെ പോലെ പ്രഫഷണലുകള്‍, ഡിസൈനര്‍മാര്‍, വീഡിയോ പ്രൊഡ്യൂസര്‍മാര്‍ തുടങ്ങി പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെ ഉള്‍പ്പെടുന്ന സംവിധാനമാണ് കോണ്‍ഗ്രസ്സിന്റെയും. ഡിജിറ്റല്‍ പ്രചാരണത്തിന്റെ മേല്‍നോട്ടം ബി. ശ്രീവത്സക്കാണ്.

ഇരു വിഭാഗവും ശക്തമായ കടന്നാക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. പ്രാദേശിക വിഷയങ്ങള്‍ മുതല്‍ ദേശീയ രാഷ്ട്രീയം വരെ ഇവിടെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ഭരണം നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസ്സിനും പിടിച്ചെടുക്കേണ്ടത് ബി.ജെ.പിയുടെയും അഭിമാന പ്രശ്‌നമാണ്.

2019ന് മുന്‍പ് ലോക് സഭ തിരഞ്ഞെടുപ്പ് നടക്കണമോ എന്ന് തീരുമാനിക്കുന്നത് കര്‍ണ്ണാടക വിധിയുടെ അടിസ്ഥാനത്തിലായിരിക്കും. ഇവിടെ ഭരണം പിടിച്ചാല്‍ ബി.ജെ.പി ലോക്‌സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്നാണ് സൂചന.

Top