social media help in election- pinarayi

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഈ വിജയ വേളയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ മുന്നണിക്ക് വേണ്ടി സജീവമായി ഇടപെട്ട മുഴുവനാളുകളെയും അഭിവാദ്യം ചെയ്യുന്നു.

സോഷ്യല്‍ മീഡിയ ശക്തമായ പങ്കാളിത്തം വഹിച്ച തെരഞ്ഞെടുപ്പാണിത്. പലതും മറച്ചുവെക്കാനും വഴിതിരിച്ചു വിടാനും വലതുപക്ഷ മാധ്യമങ്ങള്‍ മത്സരിച്ചപ്പോള്‍, ഓരോ വിഷയത്തിന്റെയും വസ്തുതകള്‍ തെളിവ് സഹിതം നിരത്തി മറുവാദം ഉന്നയിക്കാന്‍ ആരോഗ്യകരമായ ഇടപെടലാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടായത്. അത് കൊണ്ട് തന്നെ ഒരു നുണയും ഒരു ദുഷ്പ്രചാരണവും വിജയം വരിച്ചില്ല.

യു ഡി എഫ് അഴിമതി ഭരണത്തെ തെളിവുകള്‍ നിരത്തി തുറന്നുകാട്ടാനും മതനിരപേക്ഷതയ്‌ക്കെതിരായ വെല്ലുവിളിയെ എതിരിടാനും സാമൂഹിക മാധ്യമങ്ങളില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് ഉണ്ടായത്.സിപി ഐ എം പ്രവര്ത്തകരും അനുഭാവികളും ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടു വന്നു നേരിന് വേണ്ടി അണിചേരുന്ന അനുഭവമാണ് ഉണ്ടായത്.

ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള മലയാളികള്‍ ഇതില്‍ പങ്കു ചേര്‍ന്നു. ഓരോ വിഷയം ഉയര്ന്നു വരുമ്പോഴും അതിന്റെ രാഷ്ട്രീയവും ശരിയും ഉയര്‍ത്തിപ്പിടിച്ച് ഇടപെടാനും കള്ള നാണയങ്ങളെ തുറന്നു കാട്ടാനും കഴിഞ്ഞു.

ഇതര മുന്നണികള്‍ വാടകയ്‌ക്കെടുത്തും കരാര്‍ നല്‍കിയും ഇത്തരം പ്രവര്‍ത്തനം സംഘടിച്ചപ്പോള്‍ ഇടതു പക്ഷത്തിനു വേണ്ടി സ്വയം മുന്നോട്ടു വന്ന സഖാക്കളാണ് പടപൊരുതിയത് എന്നത് അഭിമാനകരമാണ്.

ഈ മുന്നേറ്റവും മുന്‍കയ്യും തെരഞ്ഞെടുപ്പു ഫലം വന്നതോടെ അവസാനിക്കേണ്ടതല്ല. ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ഗവണ്‍മെന്റ് ഏതാനും ദിവസങ്ങള്‍ക്കകം അധികാരമേല്‍ക്കും.

പുതിയ കേരളത്തിനായുള്ള. മതനിരപേക്ഷത പുലരുന്ന, അഴിമതി മുക്തമായ, വികസിത കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ പങ്കാളിത്തം വഹിക്കാനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കു വെക്കാനും, സാമൂഹിക മാധ്യമങ്ങളിലൂടെ തുടര്‍ന്നും ഇടപെടല്‍ ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കാനുള്ള അവസരമായി കൂടി ഇതിനെ കാണുന്നു. നമുക്ക് കൂട്ടായി മുന്നേറാം നാടിന്റെ പുരോഗതിയിലേക്ക്.

Top