സമൂഹമാധ്യമങ്ങള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ആയുധമായി മാറി’; ബോംബെ ഹൈക്കോടതി ജഡ്ജി

മൂഹമാധ്യമങ്ങള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ആയുധമായി മാറിയെന്ന് ബോംബെ ഹൈക്കോടതി ജഡ്ജി. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം നിയന്ത്രിക്കാന്‍ കാര്യക്ഷമവും ഫലപ്രദവുമായ സംവിധാനം നിലവിലില്ലെന്നും ഗോവ ബെഞ്ച് ജസ്റ്റിസ് മഹേഷ് സോനക് പറഞ്ഞു.

ഗോവയില്‍ മാര്‍ഗവോ നഗരത്തിലെ ജിആര്‍ കെയര്‍ ലോ കോളജിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് സോനക്. പല വിഷയങ്ങളിലുമുള്ള വാര്‍ത്തകള്‍ വായിക്കാതെയും കാണാതെയും ‘അജ്ഞനായി’ തുടരാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. തെറ്റായ വിവരങ്ങള്‍ ലഭിക്കുന്നതിനേക്കാള്‍ നല്ലതാണിതെന്നും അദ്ദേഹം പറഞ്ഞു.

‘കമ്പ്യൂട്ടറുകളും സ്മാര്‍ട്ട്ഫോണുകളും പോലുള്ള യന്ത്രങ്ങളെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന ഒരു യുഗത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. മാത്രമല്ല സ്വയം ചിന്തിക്കാന്‍ ശ്രമിക്കുന്ന മനുഷ്യരെ നാം അങ്ങേയറ്റം സംശയത്തോടെ നോക്കിക്കാണുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അതിന്റെ ഗുണങ്ങളുണ്ട്, പക്ഷേ ചിന്തിക്കാനും ബുദ്ധിപരവും അതിലുപരി സെന്‍സിറ്റീവുമായ തെരഞ്ഞെടുപ്പുകള്‍ നടത്താനുമുള്ള നമ്മുടെ കഴിവ് ചില മെഷീനുകളിലേക്കോ അല്‍ഗോരിതത്തിലേക്കോ പണയം വെച്ചാല്‍ അത് ദുഃഖകരമായ ദിനവും ദുഃഖകരമായ ലോകവുമായിരിക്കും’-ജസ്റ്റിസ് സോനക് പറഞ്ഞു.

‘നമ്മുടെ ചിന്താശേഷിയെ ദുര്‍ബലപ്പെടുത്തരുത്, അല്ലാത്തപക്ഷം മനുഷ്യനും യന്ത്രവും തമ്മില്‍ വ്യത്യാസമില്ല. മനുഷ്യരാശിയുടെ മാനവികത നഷ്ടപ്പെടുത്താന്‍ നമുക്ക് അനുവദിക്കാനാവില്ല’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top