മലയാളിയുടെ സദാചാരം; സോഷ്യല്‍ മീഡിയാ വിദ്യാഭ്യാസം കേരളത്തില്‍ അനിവാര്യം. .

സോഷ്യല്‍ മീഡിയകളിലെ വെര്‍ബല്‍ റേപ്പ് ഇന്ന് ആഗോള പ്രശ്നം തന്നെയാണ്. സമൂഹത്തില്‍ എങ്ങനെ പെരുമാറണം എന്ന് മാത്രമല്ല, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും എങ്ങനെ പെരുമാറണം എന്ന് കൂടി കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. വാട്ട്ആപ്പ്, ഫെയ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയവയില്‍ നിന്നൊക്കെ ഒരു തിരിച്ചു പോക്ക് ഇനി ഉണ്ടാകില്ല. സാങ്കേതികമായി കൂടുതല്‍ മുന്നോട്ട് പോകാന്‍ മാത്രമേ ഇനി മനുഷ്യന് സാധിക്കൂ. അതു കൊണ്ട് തന്നെ മാന്യമായി ഈ വെര്‍ച്വല്‍ ഇടങ്ങളില്‍ ഇടപെടാന്‍ സാധിക്കണം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയകളിലൂടെ നടത്തുന്ന പല വിധ പ്രതികരണങ്ങള്‍ തികച്ചും അപലപനീയമാണ്. ഒരു കാരണവശാവും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് എതിരായത്. സ്ത്രീകള്‍ അഭിപ്രായം തുറന്നു പറഞ്ഞാല്‍, ഏതെങ്കിലും വിഷയത്തോട് പ്രതികരിച്ചാല്‍, അത് തെറ്റായാലും ശരിയായാലും പ്രതികരിക്കുന്നതില്‍ മാന്യത വേണം. സൈബര്‍ സദാചാര ഗുണ്ടായിസത്തില്‍ തകര്‍ന്നടിയുന്ന ജീവിതങ്ങള്‍ അനവധിയാണ്.

ഈ പറയുന്നതിനൊന്നും തെളിവുകളുടെ ആവശ്യമില്ല. സ്വന്തം കയ്യിലിരിക്കുന്ന മൊബൈല്‍ ഫോണിലെ ആപ്ലിക്കേഷനുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി. വെര്‍ബല്‍ റേപ്പ് തന്നെയാണിത്. അഭിപ്രായങ്ങള്‍ ആശയങ്ങളാണ്, അതിനോട് വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ആശയങ്ങള്‍ കൊണ്ട് തന്നെയാണ്. എന്നാല്‍, ഉത്തരം മുട്ടുമ്പോള്‍ തെറി വിളിച്ചും ലൈംഗിക ചുവയോടെ സംസാരിച്ചും അങ്ങ് ഇല്ലാതാക്കി കളഞ്ഞേക്കാം എന്ന് കരുതുന്ന സദാചാര ബോധത്തിന് കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

കിളിനക്കോടിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയ പെണ്‍കുട്ടികളോട് വിയോജിപ്പുണ്ടെങ്കില്‍ അത് മാന്യമായി രേഖപ്പെടുത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. സൈബര്‍ ആക്രമണത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടി ജീവനൊടുക്കിയാല്‍, അതിന് ഓരോരുത്തരും ഉത്തരവാദികളാണ്. കാരണം ഈ അരാജക അവസ്ഥ വളരാന്‍ സഹായിച്ചത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്ന എല്ലാവരുടെയും നിസ്സംഗത കൊണ്ടാണ്.

ഡബ്ല്യു സി സി എന്ന ഒരു പെണ്‍ സംഘടന കേരളത്തില്‍ സജ്ജീവമാവുകയും ചിലരെങ്കിലും വിവിധ വിഷയങ്ങളെക്കുറിച്ച് പൊതു സമൂഹത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ വളഞ്ഞിട്ടുള്ള ആക്രമണമാണ് പല കോണുകളില്‍ നിന്നും ഉണ്ടായത്. ഇതിനെതിരെ പ്രതികരിച്ചാല്‍ തെറിവിളികള്‍ കൊണ്ട് നിശബ്ദമാക്കാനാണ് എല്ലാ ഓണ്‍ലൈന്‍ സദാചാര കാംക്ഷികളും ശ്രമിക്കുന്നത്. സ്വകാര്യ പ്രൊഫൈലില്‍ തെന്നിന്ത്യന്‍ അഭിനേതാവ് അല്ലു അര്‍ജ്ജുന്റെ സിനിമയെ വിമര്‍ശിച്ച് കുറിപ്പിട്ട, അപര്‍ണ്ണ പ്രശാന്തിയെ തെറിവിളികള്‍ കൊണ്ടും ബലാത്സംഗ ഭീഷണി കൊണ്ടുമാണ് ആരാധകര്‍ നേരിട്ടത്.

ചോദ്യം വളരെ ലളിതമാണ്, ആരുടെ സദാചാരമാണ് പുലരേണ്ടത്?. കിളിനക്കോട് വീഡിയോയും ചതിച്ച കാമുകനെതിരെ പെണ്‍കുട്ടികള്‍ നടത്തിയ പരസ്യ പ്രതികരണവുമാണ് ഇപ്പോഴത്തെ ചൂടുള്ള വിഷയം. ഇപ്പോഴത്തേത് മാത്രമാണ് ഇതെന്നതാണ് കാര്യം. കേരളത്തിലെ പെണ്‍കുട്ടികളുടെ പൂര്‍ണ്ണ സംരക്ഷണം ഏറ്റെടുത്ത് ചിലര്‍ നടത്തുന്ന രൂക്ഷ വിമര്‍ശനങ്ങള്‍ അതിരു കടക്കുന്നു മാത്രം പറഞ്ഞ് ചെറുതാക്കാന്‍ സാധിക്കില്ല.

അതിനേക്കാള്‍, ഭീകരമാണ് അന്തരീക്ഷം. ആള്‍ക്കൂട്ട കൊലപാതകം തന്നെയാണ് ഒരു തരത്തില്‍ ഈ പ്രവണത. മലയാളികളുടെ മാനസികാവസ്ഥ എത്രയോ അപകടകരമാണ് എന്ന ചര്‍ച്ചകള്‍ ദിനം പ്രതി ആവര്‍ത്തിക്കേണ്ടി വരുന്നത് ഇനിയെങ്കിലും തടയണം.

വ്യാജ പ്രൊഫൈലുകളില്‍ നിന്ന് വരുന്ന കമന്റുകളുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ പ്രയാസകരമാണ് എന്നതാണ് വലിയ പ്രശ്‌നം. ആയിരക്കണക്കിന് പ്രൊഫൈലുകളില്‍ നിന്നും വരുന്ന ലക്ഷക്കണക്കിന് അസഭ്യ വര്‍ഷങ്ങളില്‍ പരിഹാരം കണ്ടെത്തുക ശ്രമകരമാണ്. സ്വന്തം ഐഡന്റിറ്റിയില്‍ നിന്നുള്ള പ്രൊഫൈലുകളില്‍ നിന്ന് വരെ അശ്ലീല കമന്റുകളും സന്ദേശങ്ങളും വരുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഭ്യതയും മാന്യതയും പുലര്‍ത്തണമെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് കേരള പോലീസ് ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. എന്നാല്‍, ഈ ജാഗ്രത സോഷ്യല്‍ മീഡിയ ഉപഭോക്താക്കളിലും ഉണ്ടാകണം. അല്ലെങ്കില്‍, ഫെയ്‌സ്ബുക്ക്, ആക്രമണങ്ങളിലൂടെ നശിക്കുന്ന ജീവിതങ്ങള്‍ നിത്യ സംഭവങ്ങളായി മാറും.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top