സാമൂഹിക സമത്വത്തില്‍ ഇന്ത്യ വളരെ പിന്നിലെന്ന് ഓക്‌സ്ഫാം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സാമൂഹിക അസമത്വം ഇല്ലാതാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്ഫാം, ഡെവലപ്‌മെന്റ് ഫിനാന്‍സ് ഇന്റര്‍നാഷണല്‍ എന്നിവര്‍ പുറത്തുവിട്ട പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 147 ആണ്. 157 രാജ്യങ്ങളുള്ള ഈ പട്ടികയില്‍ ഒന്നാമതെത്തുന്നത് ഡെന്മാര്‍ക്കാണ്. ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ അസമത്വം അതീവ രൂക്ഷമാണെന്നാണ് ഓക്‌സ്ഫാമിന്റെ കണ്ടെത്തല്‍. ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങളില്‍ ഭൂരിഭാഗവും ദരിദ്ര വിഭാഗമാണെന്നാണ് ഓക്‌സ്ഫാം കണ്ടെത്തിയത്.

ഇന്ത്യയിലെ അസമത്വത്തിന്റെ തോത് മൂന്നില്‍ ഒന്നായി കുറക്കാന്‍ ഇന്ത്യക്ക് സാധിച്ചാല്‍ 170 മില്യണ്‍ ജനങ്ങള്‍ പട്ടിണിയില്‍ നിന്നും രക്ഷപ്പെടും എന്ന് റിപ്പോര്‍ട്ട് പറയുന്നു. ദക്ഷിണ കൊറിയ, നമീബിയ, ഉറുഗ്വേ എന്നീ രാജ്യങ്ങള്‍ ജനങ്ങള്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കാന്‍ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍ ഇന്ത്യ, നൈജീരിയ എന്നിവര്‍ ഇതിനായി കാര്യമായി ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

രാജ്യത്ത് ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികസുരക്ഷ എന്നിവയുടെ സ്ഥിതി അതീവ ശോചനീയമാണ്. ഇന്ത്യയില്‍ നികുതി ശേഖരണം കൃത്യമായി നടക്കാത്തത് ഇതിനൊരു പ്രധാന കാരണമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തൊഴിലിടത്തില്‍ നീതി ഉറപ്പാക്കുന്നതിലും ലിംഗനീതിയുടെ കാര്യത്തിലും ഇന്ത്യ പുറകിലാണ്. ജപ്പാനും സൗത്ത് കൊറിയയും സാമൂഹിക നീതിയുടെയും സാമ്പത്തിക സമത്വത്തിന്റെയും കാര്യത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് എല്ലാ രാജ്യങ്ങളും അസമത്വം ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും സാമൂഹിക പുരോഗതി നേടാന്‍ ശ്രമിക്കണമെന്നും ഓക്‌സ്ഫാമും ഡെവലപ്‌മെന്റ് ഫിനാന്‍സ് ഇന്റര്‍നാഷണലും ഒന്നിച്ച തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top