ശോഭ സുരേന്ദ്രന്‍ പ്രശ്‌നം പാര്‍ട്ടിയുടെ അജണ്ടയിലില്ല; കെ എസ് രാധാകൃഷ്ണന്‍

കൊച്ചി: ശോഭ സുരേന്ദ്രന്‍ പ്രശ്‌നം നിലവില്‍ പാര്‍ട്ടിയുടെ പരിഗണനയില്‍ ഇല്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണന്‍. ഇക്കാര്യം സംബന്ധിച്ചുള്ള അജണ്ട പാര്‍ട്ടിയുടെ ഒരു മീറ്റിങ്ങിലും വന്നിട്ടില്ല. കേരള രാഷ്ട്രീയത്തില്‍ ഒരു ഇടമുള്ള നേതാവാണ് ശോഭ സുരേന്ദ്രന്‍. അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും പ്രധാന നേതാക്കള്‍ എല്ലാവരും മത്സരിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയില്‍ പികെ കൃഷ്ണദാസും ബിജെപി സ്ഥാനാര്‍ത്ഥിയാകും. ഏറ്റവും പ്രതീക്ഷയുള്ള നേമം പലരും ആഗ്രഹിച്ചെങ്കിലും ആര്‍എസ്എസ് പിന്തുണ കൂടി കണക്കിലെടുത്താണ് മത്സരിക്കാന്‍ കുമ്മനത്തിന് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയത്. മറ്റൊരു എ പ്ലസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ വി വി രാജേഷിനാണ് സാധ്യത. തിരുവനന്തപുരം സെന്‍ട്രലില്‍ സുരേഷ് ഗോപി അല്ലെങ്കില്‍ എസ് സുരേഷ്, അതുമല്ലെങ്കില്‍ നടന്‍ കൃഷ്ണകുമാര്‍ മത്സരിക്കാനും സാധ്യതയുണ്ട്.

Top