ശോഭാ സുരേന്ദ്രനെ തഴഞ്ഞ് എ എന്‍ രാധാകൃഷ്ണന്‍ കോര്‍ കമ്മിറ്റിയിലേക്ക്

കൊച്ചി: ബി.ജെ.പി. കോര്‍ കമ്മിറ്റിയിലേക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനെ ഉള്‍പ്പെടുത്തി. കൃഷ്ണദാസ് പക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് എ.എന്‍. രാധാകൃഷ്ണനെ ഉള്‍പ്പെടുത്തിയത്. അതേസമയം പാര്‍ട്ടിയിലെ സംസ്ഥാനത്തെ മുതിര്‍ന്ന വനിതാ നേതാവായ ശോഭാ സുരേന്ദ്രനെ കോര്‍-കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ കോര്‍-കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം ഇല്ലാതായി.

കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തതിനുശേഷം ആദ്യമായി നടക്കുന്ന കോര്‍ കമ്മിറ്റിയോഗത്തില്‍ എ.എന്‍. രാധകൃഷ്ണനേയും വിളിച്ചിട്ടുണ്ട്. സംസ്ഥാന ഭാരവാഹികളില്‍ പ്രസിഡന്റിനെക്കൂടാതെ ജനറല്‍ സെക്രട്ടറിമാര്‍ മാത്രമാണ് കോര്‍-കമ്മിറ്റിയില്‍ പങ്കെടുക്കാറുള്ളത്. കൃഷ്ണദാസ് പക്ഷത്തുനിന്ന് എം.ടി. രമേശ് മാത്രമാണ് ജനറല്‍ സെക്രട്ടറി.

കൃഷ്ണദാസ് പക്ഷത്തിന്റെ അതൃപ്തി കുറയ്ക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് രാധാകൃഷ്ണനെ കോര്‍-കമ്മിറ്റിയില്‍ അവസാന നിമിഷം ഉള്‍പ്പെടുത്തിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭാ സുരേന്ദ്രനും വര്‍ഷങ്ങളായി കോര്‍-കമ്മിറ്റിയിലെ ഏക സ്ത്രീസാന്നിധ്യമായിരുന്നു. ഗ്രൂപ്പുകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന ശോഭാ സുരേന്ദ്രനുവേണ്ടി സമ്മര്‍ദം ചെലുത്താന്‍ ആരും ഇല്ലാത്ത സ്ഥിതിയാണ്.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷംവരെ സുരേന്ദ്രന് എതിരാളിയായി ശോഭാ സുരേന്ദ്രന്‍ ഉണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് സ്ഥാനം ശോഭയ്ക്ക് കിട്ടിയില്ലെങ്കില്‍ ദേശീയതലത്തില്‍ ശോഭയ്ക്ക് പരിഗണന കിട്ടിയേക്കുമെന്നതിനാല്‍, അവരെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി ചിറകരിയുകയാണ് മുരളീധരവിഭാഗം ചെയ്തതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

Top