ഇതുവരെ രാഹുലിന് നേതാവായി പരിണമിക്കാന്‍ കഴിഞ്ഞിട്ടില്ല, പരിഹാസവുമായി അമരീന്ദര്‍ സിംഗ്

ചണ്ഡിഗഡ്: രാഹുല്‍ ഗാന്ധി ഒരു രാഷ്ട്രീയക്കാരനായി ഇനിയും മാറേണ്ടതുണ്ടെന്ന് പരിഹാസവുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിംഗ്. രാഹുലും പ്രിയങ്കയും തന്റെ സ്‌നേഹിതന്റെ മക്കളാണെന്നും തനിക്ക് അവര്‍ കുട്ടികളാണെന്നും അതുകൊണ്ട് അവര്‍ക്കെതിരെ ഒന്നും പറയുന്നില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി.

പഞ്ചാബിലെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അമരീന്ദര്‍ സിംഗ് പലകാര്യങ്ങളും നരേന്ദ്ര മോദി സര്‍ക്കാര്‍ പറഞ്ഞതുപോലെയാണ് ചെയ്തത് എന്ന രാഹുലിന്റെയും പ്രിയങ്കാ ഗാന്ധിയുടെയും ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് പേരക്കുട്ടികളുണ്ട്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും അച്ഛന്‍ എന്റെ സുഹൃത്തായിരുന്നു. അതുകൊണ്ട് അവര്‍ എനിക്ക് കുട്ടികളാണ്. അന്‍പത് വയസിന് മുകളില്‍ പ്രായമുണ്ടെന്ന് കരുതി പ്രിയങ്കയും രാഹുലും ഐന്‍സ്റ്റിനെപ്പോലെ വലിയവരാകില്ല.’ അമരീന്ദര്‍ പ്രതികരിച്ചു.

രാഹുലിനും പ്രിയങ്കയ്ക്കും സാധാരണ രാഷ്ട്രീയക്കാര്‍ക്കുളള കഴിവ് മാത്രമാണുളളതെന്നും അവര്‍ കാലത്തിനൊത്ത് അനുഭവമുളളവരായി വളരണമെന്നും രാഹുല്‍ ഗാന്ധി വളരാന്‍ സമയം വേണം. ഇതുവരെ രാഹുലിന് നേതാവായി പരിണമിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. പഞ്ചാബില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിയുടെ ആജ്ഞ അനുസരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അമരീന്ദര്‍ എന്നാല്‍ താന്‍ പഞ്ചാബിന് വേണ്ടി ആവശ്യപ്പെട്ട കാര്യങ്ങള്‍ മോദി നടത്തിത്തന്നതായും പറഞ്ഞു.

യുപിയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിന് എന്ത് സംഭവിച്ചെന്ന് കണ്ടതല്ലെയെന്നും പഞ്ചാബില്‍ 20 സീറ്റ് കിട്ടിയാല്‍ കോണ്‍ഗ്രസിന് അത് വലിയ നേട്ടമാണെന്നും അമരീന്ദര്‍ പറഞ്ഞു.അമരീന്ദറിന്റെ സ്വന്തം പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയുമൊത്ത് സഹകരിച്ചാണ് മത്സരിക്കുന്നത്. 37 സീറ്റുകളില്‍ പിഎല്‍സിയും 65 സീറ്റുകളില്‍ ബിജെപിയും മത്സരിക്കുന്നു. മറ്റൊരു സഖ്യകക്ഷിയായ എസ്എഡി 15 സീറ്റുകളില്‍ മത്സരിക്കും. സര്‍ക്കാര്‍ ഉണ്ടാക്കുക തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്നും അമരീന്ദര്‍ വ്യക്തമാക്കി.

Top