പോലീസിന്റെ ‘ചിരി ഹെല്‍പ്പ് ലൈനി’ലേക്ക് ഇതുവരെ വിളിച്ചത് 31,084 പേര്‍

തിരുവനന്തപുരം: കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാനും അവര്‍ക്ക് സന്തോഷം പകരാനുമായി കേരള പോലീസ് ആരംഭിച്ച ചിരി ഹെല്‍പ്പ് ലൈനിലേക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വിളിച്ചത് 31,084 പേര്‍. മലപ്പുറത്ത് നിന്നാണ് കൂടുതല്‍ പേർ വിളിച്ചത്. 2817 കുട്ടികളാണ് ഹെല്‍പ് ലൈന്‍ നമ്പരില്‍ വിളിച്ചത്. 1005 പേര്‍ വിളിച്ചത് അവര്‍ അനുഭവിക്കുന്ന സമ്മര്‍ദത്തിന് പരിഹാരം തേടിയാണ്.

2021 ജൂലായ് 12 മുതല്‍ 2022 ജൂലായ് 28 വരെയുള്ള കണക്കുപ്രകാരമാണ് മൂവായിരത്തിലധികം പേര്‍ ഹെല്‍പ് ലൈനിന്റെ സഹായം തേടിയത്. 11003 പേര്‍ പ്രശ്നപരിഹാരത്തിന് സഹായം ആവശ്യപ്പെട്ടുള്ള കോളായിരുന്നു. 20081 പേര്‍ വിവരാന്വേഷണത്തിനും. കോവിഡ് കാലത്ത് വീട്ടിനുള്ളില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസമാകുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി തുടങ്ങിയത്. സംസ്ഥാനത്തിന് പുറത്തു നിന്ന് 294 പേര്‍ വിളിച്ചു.

കോവിഡ് സമയത്തെ ഓണ്‍ലൈന്‍ പഠനത്തിന്റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികള്‍ ചിരി കോള്‍ സെന്ററുമായി പങ്ക് വെച്ചത്. മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവയ്ക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കോളുകളില്‍ അധികവും. മാനസികപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി വിളിച്ചവര്‍ക്ക് ചിരി കോള്‍ സെന്ററില്‍ നിന്ന് പരിചയസമ്പന്നരായ മനഃശാസ്ത്ര വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കി.

ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ബന്ധപ്പെടാം. മാനസികപ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സിലിങ്ങും ലഭിക്കും. മുതിര്‍ന്ന സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, ഔര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയില്‍ അംഗങ്ങളായ കുട്ടികള്‍ എന്നിവരില്‍ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കിയ 300-ഓളം കുട്ടികളാണ് പദ്ധതിയിലെ വൊളന്റിയര്‍മാര്‍.

മാനസികാരോഗ്യവിദഗ്ദ്ധര്‍, മനഃശാസ്ത്രജ്ഞര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ദ്ധസമിതി ഇവര്‍ക്ക് പദ്ധതിയുടെ ഭാഗമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ‘ചിരി’ ഹെല്‍പ് ലൈന്‍ നമ്പര്‍: 9497900200.

Top