ലാഹോറില്‍ മഞ്ഞു വീഴ്ച്ചയുണ്ടാകും; ഇന്ത്യാപാക് പരമ്പരയുണ്ടാകില്ല

മുംബൈ: ലാഹോറില്‍ മഞ്ഞുവീഴ്ചയുണ്ടായേക്കാം, എന്നാലും സമീപ ഭാവിയിലൊന്നും ഇന്ത്യ-പാക് പരമ്പരക്ക് സാധ്യതയില്ലെന്ന് സുനില്‍ ഗവാസ്‌കര്‍. കൊവിഡ് ബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണാര്‍ത്ഥം ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടത്തണമെന്ന പാക് മുന്‍ താരം ഷൊയൈബ് അക്തറുടെ നിര്‍ദേശം തള്ളിയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇങ്ങനെ പറഞ്ഞത്.

മുന്‍ പാക് നായകന്‍ റമീസ് രാജയുടെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍. തല്‍ക്കാലം ഇരുടീമുകളും ഐസിസി ടൂര്‍ണമെന്റുകളിലും ലോകകപ്പിലും മാത്രം ഏറ്റുമുട്ടാനുള്ള സാധ്യതകളെയുള്ളു. അല്ലാതെ ഇരുരാജ്യങ്ങളും തമ്മിലൊരു പരമ്പര ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

കൊവിഡ് ബാധിതരെ സഹായിക്കാന്‍ ഇന്ത്യക്ക് പണം ആവശ്യമില്ലെന്നും ക്രിക്കറ്റ് താരങ്ങളുടെ ജീവന്‍വെച്ച് പന്താടാനാവില്ലെന്ന് കപില്‍ ദേവ് പറഞ്ഞിരുന്നു. എന്നാല്‍ കപിലിന് പണം വേണ്ടായിരിക്കാം, പക്ഷെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പണത്തിന്റെ ആവശ്യമുണ്ടെന്നായിരുന്നു അക്തറിന്റെ മറുപടി.

Top