സ്‌നോളിഗോസ്റ്റര്‍; മഹാരാഷ്ട്രയിലെ നാടകം ഒരൊറ്റ വാക്കില്‍ വിശദീകരിച്ച് ശശി തരൂര്‍

shashi tharoor

ന്യൂഡല്‍ഹി : വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന ശശി തരൂരിന് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിലും ഒരു വാക്ക് പറയാനുണ്ട്. തന്റെ പഴയൊരു ട്വീറ്റ് കുത്തിപ്പൊക്കിയെടുത്ത് പുറത്തിട്ടാണ് മഹാരാഷ്ട്ര അട്ടിമറി സംബന്ധിച്ച് കോണ്‍ഗ്രസ് എംപി വാക്ക് പുറപ്പെടുവിച്ചത്. രണ്ട് വര്‍ഷം മുന്‍പുള്ള ആ ട്വീറ്റ് അദ്ദേഹം റിട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്

‘ഈ ദിവസത്തെ വാക്ക്! സ്‌നോളിഗോസ്റ്റര്‍ എന്ന യുഎസ് വാക്കിന്റെ അര്‍ത്ഥം: തന്ത്രശാലിയായ, തത്വമില്ലാത്ത രാഷ്ട്രീയക്കാരന്‍. ആദ്യം ഉപയോഗിച്ചത്: 1845 ഏറ്റവും അടുത്ത് ഉപോഗിച്ചത്: 26/7/17’, ശശി തരൂര്‍ 2017 ജൂലൈ 27ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ശനിയാഴ്ച ഈ ട്വീറ്റിന് ഒരു കറക്ഷന്‍ ചെയ്ത തരൂര്‍ ഇങ്ങനെ കുറിച്ചു: ‘ഏറ്റവും അടുത്ത ഉപയോഗം: 23 നവംബര്‍ 2019, മുംബൈ’. ജനതാദള്‍ യൂണൈറ്റഡ് മേധാവി നിതീഷ് കുമാര്‍ ആര്‍ജെഡി, കോണ്‍ഗ്രസ് മഹാസഖ്യത്തില്‍ നിന്നും പിന്‍മാറിയപ്പോഴാണ് 2017ല്‍ തരൂര്‍ ഈ ട്വീറ്റ് ആദ്യം ചെയ്തത്. അഴിമതി കേസില്‍ പെട്ട ലാലു പ്രസാദിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വിയുടെ രാജി നിതീഷ് ആവശ്യപ്പെട്ടങ്കിലും ഇതിന് തയ്യാറാകാതെ വന്നതോടെയാണ് അദ്ദേഹം മഹാസഖ്യത്തില്‍ നിന്നും പുറത്തുവന്നത്.

മഹാരാഷ്ട്രയിലെ എന്‍സിപി മേധാവി ശരത് പവാറിന്റെ മരുമകന്‍ അജിത് പവാറിന്റെ സഹായത്തോടെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് രണ്ടാംവട്ടം മുഖ്യമന്ത്രിയായി അധികാരമേറ്റത്. കോണ്‍ഗ്രസ്, സേന, എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് ബിജെപി അട്ടിമറി നടത്തിയത്.

Top