വെള്ളാപ്പള്ളിമാർക്കെതിരെ പടയൊരുക്കം, റിസീവർ ഭരണത്തിനും സാധ്യത തേടും !

എസ്.എന്‍.ഡി.പി യോഗത്തില്‍ വെള്ളാപ്പള്ളി കുടുംബത്തിന്റെ മേധാവിത്വം അവസാനിപ്പിക്കാന്‍ സംഘപരിവാര്‍ നീക്കം. ഒരേ സമയം രണ്ട് തോണിയില്‍ കാലു വയ്ക്കുന്ന ഏര്‍പ്പാട് ഇനി വേണ്ടെന്ന നിലപാടിലാണ് കാവിപ്പട.

ബി.ഡി.ജെ.എസിനെ ഇടതുപക്ഷത്ത് എത്തിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തിനെതിരെ ഒരു മുഴം മുന്‍പേയാണ് ബി.ജെ.പിയിപ്പോള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ എസ്എന്‍ഡിപി യോഗത്തെ കേന്ദ്ര സഹായത്തോടെ റിസീവര്‍ ഭരണത്തിലാക്കാനുള്ള നീക്കവും പരിഗണനയിലുണ്ട്.

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായ സുഭാഷ് വാസുവിനെ ഒപ്പം നിര്‍ത്തിയാണ് ബിജെപി കരുനീക്കം. കേന്ദ്ര സര്‍ക്കാറിന്റെ ഈ ഉന്നത പദവി വിട്ട് കളിക്കാന്‍ സുഭാഷ് വാസുവും തയ്യാറല്ല. എസ്.എന്‍.ട്രസ്റ്റ് എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം കൂടിയായ സുഭാഷ് വാസുവിനൊപ്പം സംഘടനയിലെ ഒരു വിഭാഗവും നിലവില്‍ സംഘടിച്ചിട്ടുണ്ട്.

മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാറും സജീവമായി സുഭാഷ് വാസുവിനൊപ്പം രംഗത്തിറങ്ങിയിട്ടുണ്ട്. സംഘ പരിവാര്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ ഇടപെടല്‍. 23 വര്‍ഷം വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയായിട്ട് സമുദായത്തിന് എന്ത് പ്രയോജനമുണ്ടായെന്നാണ് സെന്‍കുമാര്‍ ചോദിക്കുന്നത്.

എസ്.എന്‍.ട്രസ്റ്റില്‍ വലിയ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായ ആക്ഷേപവും വെള്ളാപ്പള്ളി വിരുദ്ധ വിഭാഗം ഉയര്‍ത്തുന്നുണ്ട്. കായംകുളത്ത് വച്ചു ചേര്‍ന്ന വിവിധ യൂണിയന്‍ ഭാരവാഹികളുടെ യോഗത്തില്‍ 16 യൂണിയനുകളില്‍ നിന്നുള്ള ഭാരവാഹികളാണ് പങ്കെടുത്തിരിക്കുന്നത്. ഇത് വെള്ളാപ്പള്ളി വിഭാഗത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. വിമത നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നിരിക്കുന്നത്.

മന്ത്രിസ്ഥാനം മോഹിച്ച് സമനിലതെറ്റി എസ്എന്‍ഡിപി യോഗത്തെ ഹൈജാക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ സവര്‍ണലോബിയുടെ പിണയാളുകളാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയില്‍ പൊലീസ് പ്രതിയാക്കിയപ്പോള്‍ പുണ്യാളന്‍ ചമഞ്ഞ് ഇക്കൂട്ടര്‍ എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറയുന്നു.

vellappally

vellappally

എസ്എന്‍ഡിപി യോഗത്തെ റിസീവര്‍ ഭരണത്തിലാക്കുമെന്ന വിമതരുടെ സ്വപ്‌നം നടക്കില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചിട്ടുണ്ട്. കേന്ദ്ര ഇടപെടല്‍ ഭയന്നാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു എന്നതിനാല്‍ ബി.ഡി.ജെ.എസിലും ഭിന്നത പ്രകടമാണ്. ബി.ജെ.പിക്ക് ഒപ്പം ഉറച്ച് നില്‍ക്കാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം.

2021ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ബി.ഡി.ജെ.എസിനെ ബി.ജെ.പി മുന്നണിയില്‍ നിന്നും അടര്‍ത്താനാണ് വെള്ളാപ്പള്ളിയുടെ നീക്കം. ഇടതുപക്ഷമല്ലങ്കില്‍ യു.ഡി.എഫ്, ഇതാണ് ലക്ഷ്യം. തുടര്‍ച്ചയായ ഭരണം ഒരു മുന്നണിക്കും സാധ്യമാകാത്ത സാഹചര്യത്തില്‍ യു.ഡി.എഫിനോടാണ് തുഷാര്‍ വിഭാഗത്തിന് താല്‍പ്പര്യം. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളിക്കും എതിര്‍പ്പില്ലെങ്കിലും യു.ഡി.എഫ് അടുപ്പിക്കില്ലന്നതാണ് യാഥാര്‍ത്ഥ്യം. ഉമ്മന്‍ ചാണ്ടിക്ക് മാത്രമാണ് വെള്ളാപ്പള്ളിയോട് താല്‍പ്പര്യമുള്ളത്. എന്നാല്‍ വെളളാപ്പള്ളി വിരുദ്ധര്‍ കോണ്‍ഗ്രസ്സില്‍ വളരെ ശക്തരാണ്.

കെ.സി.വേണുഗോപാല്‍,വി.എം സുധീരന്‍, വി.ഡി.സതീശന്‍, പി.സി വിഷ്ണുനാഥ്, എ.എ ഷുക്കൂര്‍ തുടങ്ങി നിരവധി നേതാക്കള്‍ ഈ പട്ടികയിലുണ്ട്. കെ.സി വേണുഗോപാല്‍ എ.ഐ.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കൂടി ആയതിനാല്‍ ഹൈക്കമാന്റും കനിയില്ല.

മാത്രമല്ല, എന്‍.എസ്.എസ് നിലപാടും യു.ഡി.എഫ് നേതൃത്വത്തിന് ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടി വരും. പ്രതിസന്ധിയിലും യു.ഡി.എഫിനൊപ്പം ഉറച്ച് നിന്ന സംഘടനയാണിത്. ഉപതിരഞ്ഞെടുപ്പില്‍ പരസ്യമായാണ് എന്‍.എസ്.എസ് രംഗത്തിറങ്ങിയിരുന്നത്. വട്ടിയൂര്‍ക്കാവിലെ പരാജയ കാരണം ഈ പരസ്യ പിന്തുണയാണെങ്കിലും എന്‍.എസ്.എസിനെ തഴയാന്‍ കോണ്‍ഗ്രസ്സ് ഇനിയും തയ്യാറല്ല. അതു കൊണ്ട് തന്നെ രമേശ് ചെന്നിത്തലയ്ക്കും ബി.ഡി.ജെ.എസിന്റെ മുന്നണി പ്രവേശനത്തെ പിന്തുണയ്ക്കാന്‍ കഴിയുകയില്ല.

ഇതിനെല്ലാം പുറമെ പുതിയ ഘടകകക്ഷികള്‍ക്ക് നീക്കിവയ്ക്കാന്‍ സീറ്റുകള്‍ ഒന്നും ഉണ്ടാവില്ലന്നതും മറ്റൊരു പ്രതികൂല ഘടകമാണ്. കേരള കോണ്‍ഗ്രസ്സ് പ്രത്യക്ഷത്തില്‍ രണ്ടായ സ്ഥിതിക്ക് സീറ്റുകള്‍ പങ്കിട്ട് എടുക്കാനാണ് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിരിക്കുന്നത്.

മത്സരിക്കാന്‍ കൂടുതല്‍ സീറ്റ് വേണമെന്ന് ആഗ്രഹിക്കുന്ന മുസ്ലീം ലീഗും പുതിയ ഘടകകക്ഷികള്‍ക്ക് എതിരാണ്. കോണ്‍ഗ്രസ്സ് സീറ്റ് വിട്ടു കൊടുക്കണമെന്ന നിലപാടാണ് സമ്മര്‍ദ്ദം ഉയര്‍ന്നാല്‍ ലീഗ് സ്വീകരിക്കുക. ഇതാടെ വെട്ടിലാകുക കോണ്‍ഗ്രസ്സാണ്. ഈ സാഹചര്യത്തില്‍ ബി.ഡി.ജെ.എസിന്റെ ‘കാര്യം’ തന്നെ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറല്ലന്നതാണ് യാഥാര്‍ത്ഥ്യം.

ഇടതുപക്ഷത്തും സ്ഥിതി ഇതൊക്കെ തന്നെയാണ്. ജാതി പാര്‍ട്ടിയായ ബി.ഡി.ജെ.എസിനെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയുകയില്ല. സി.പി.ഐ അവരുടെ നിലപാട് ഇതിനകം തന്നെ തുറന്ന് പറഞ്ഞും കഴിഞ്ഞിട്ടുണ്ട്. ബി.ഡി.ജെ.എസിന് വേണ്ടി ഒരു സീറ്റു പോലും ത്യാഗം ചെയ്യാന്‍ തയ്യാറല്ലന്ന നിലപാടിലാണ് സി.പി.ഐ. സി.പി.എമ്മിലും ബി.ഡി.ജെ.എസിന് എതിരായ വികാരമാണുള്ളത്. നവോത്ഥാന സമിതിയുടെ തലപ്പത്ത് സര്‍ക്കാര്‍ വെള്ളാപ്പള്ളിയെ പ്രതിഷ്ടിച്ചത് കൊണ്ട് മാത്രമാണ് നിലപാട് പരസ്യമാക്കാത്തത്. എസ്.എന്‍.ഡി.പി യോഗത്തിന്റെ ഉല്‍പ്പന്നമാണെങ്കിലും ബി.ഡി.ജെ.എസ് ഒരു ‘നനഞ്ഞ’പടക്കമാണെന്നാണ് ഈ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ വിലയിരുത്തുന്നത്.

ഇടതു കോട്ടയായ അരൂരില്‍ കാലിടറിയതിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ പിന്തുണയും ഒരു കാരണമായതായാണ് സി.പി.എം അണികള്‍ പോലും വിലയിരുത്തുന്നത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും അട്ടിമറി വിജയം നേടിയതിന്റെ ക്രഡിറ്റ് വെള്ളാപ്പള്ളിക്ക് നല്‍കാനും ഇടതുപക്ഷം തയ്യാറല്ല, സ്വന്തം തട്ടകത്തില്‍ ചുവപ്പിന് കാലിടറിയത് വെള്ളാപ്പള്ളിക്കും തിരിച്ചടിയായി.

ചെക്ക് കേസില്‍ പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ജയിലിലായതും ബിഡിജെഎസിന് വലിയ തിരിച്ചടിയായിരുന്നു. തിരിച്ച് വന്ന് പരാതിക്കാരനെതിരെ കേസ് കൊടുക്കുമന്ന് വീമ്പിളക്കിയ തുഷാര്‍ ഇത്ര നാളായിട്ടും ഒരു നടപടി പോലും സ്വീകരിച്ചിട്ടില്ല. കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പ് നടന്നു എന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന മൗനമാണിത്. എന്‍.ഡി.എ കണ്‍വീനര്‍ കൂടിയായ തുഷാറിന്റെ ചെക്ക് കേസ് ബി.ജെ.പി.യെ ബാധിച്ചതായാണ് കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്.

തുഷാറിനെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കത്തെഴുത്തിയ മുഖ്യമന്ത്രി പിണറായിയുടെ നടപടി ഉപതിരഞ്ഞെടുപ്പില്‍ പരിവാര്‍ പ്രവർത്തകരിൽ തന്നെ ഭിന്നതക്ക് കാരണമായിരുന്നു.

എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറിയും മകനും ഇടതുപക്ഷത്തെയാണ് സഹായിച്ചതെന്ന ബോധ്യമാണ് ആര്‍.എസ്.എസിനും ഉള്ളത്. ഈ സാഹചര്യത്തിലാണ് കടുത്ത നിലപാടിലേക്ക് പരിവാര്‍ നേതൃത്വം ഇപ്പോള്‍ മാറിയിരിക്കുന്നത്.

സംസ്ഥാന പൊലീസിനെ പേടിച്ച് പിണറായിക്കൊപ്പവും കേന്ദ്ര ഏജന്‍സികളെ പേടിച്ച് എന്‍.ഡി.എക്കൊപ്പവും നില്‍ക്കുന്ന ഏര്‍പ്പാട് ഇനി വേണ്ടന്നാണ് തീരുമാനം.

ബി.ഡി.ജെ.എസിലെ ഒരു വിഭാഗത്തെ കൂടെ നിര്‍ത്തി മുന്നോട്ട് പോകാനാണ് കേന്ദ്ര നേതൃത്യവും സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വെള്ളാപ്പള്ളിയോട് ഉടക്കി പുറത്ത് പോയ മുന്‍ എസ്.എന്‍.ഡി.പി ഭാരവാഹികളെ കൂടെ നിര്‍ത്താനും സെന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്.

ബി.ഡി.ജെ.എസിലും എസ്.എന്‍.ഡി.പി യോഗത്തിലും പിളര്‍പ്പ് പൂര്‍ണ്ണമായാല്‍ കേന്ദ്ര ‘നടപടിക്കും’ സാധ്യത വളരെ കൂടുതലാണ്. വലിയ ഒരു പ്രതിസന്ധിയിലേക്കാണ് വെള്ളാപ്പള്ളിമാര്‍ ഇതോടെ ചെന്നെത്തുക.

Political Reporter

Top