മുന്നോക്ക സംവരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്എൻഡിപി

ആലപ്പുഴ : പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കേന്ദ്രത്തിന്റേത് ഏകപക്ഷീയമായ തീരുമാനമാണ്. ഭരണഘടനയ്ക്ക് പുറത്തുള്ള ഒരു സംവരണവും അംഗീകരിക്കില്ലന്നും നരേന്ദ്രമോദി ബുദ്ധിപരമായ നീക്കം നടത്തിയപ്പോള്‍ ലീഗ് അല്ലാതെ ഒരു പാര്‍ട്ടിയുടെയും നാവ് പൊങ്ങിയില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

സാമ്പത്തിക സംവരണം നടപ്പാക്കുന്നത് പിന്നോക്കക്കാരോടുള്ള അവഗണനയെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെയും പറഞ്ഞിരുന്നു. ഭരണഘടന പിന്നോക്ക വര്‍ഗ്ഗത്തിനാണ് സംവരണം നല്‍കിയതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സഹായിക്കുന്നതില്‍ എസ്എന്‍ഡിപി എതിരല്ലെന്ന് വിശദമാക്കിയ വെള്ളാപ്പള്ളി നടേശന്‍ കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേ സമയം മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നന്ദി അറിയിച്ച് എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ എന്‍ എസ് എസ് സാമ്പത്തിക സംവരണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അത് നടപ്പിലാക്കിയതിന് നന്ദി അറിയിക്കുകയായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Top