Sndp meeting in Kanyakumari; Fear about CPM

തിരുവനന്തപുരം: ഭരണമാറ്റമുണ്ടായതോടെ ചങ്കിടിപ്പോടെ എസ്എന്‍ഡിപി യോഗനേതൃത്വം.

പതിവ് രീതി മറികടന്ന് അയല്‍ സംസ്ഥാനമായ കന്യാകുമാരിയില്‍ എസ്എന്‍ഡിപി യോഗത്തിന്റെ നേതൃക്യാംപിന് തുടക്കമായി.

നേരത്തെ മൂന്നാറില്‍ നടത്തിയ ക്യാംപിന്റെ തുടര്‍ച്ചയായുള്ള യോഗമാണ് ഇപ്പോള്‍ കന്യാകുമാരിയില്‍ നടക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എംഎം മണിയെ ഉടുമ്പന്‍ചോലയിലും സിപിഐ നേതാവ് ബിജിമോളെ പീരുമേട്ടിലും തോല്‍പ്പിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുകയും ഇരുവരെയും അധിക്ഷേപിക്കുകയും ചെയ്ത വെള്ളാപ്പള്ളിക്ക് നേതൃയോഗത്തിന്റെ പേരിലായാലും വീണ്ടും ഇടുക്കി ജില്ലയിലേക്ക് വന്നാല്‍ വിവരമറിയുമെന്ന ഭീതിയാണത്രെ നേതൃയോഗം മാറ്റാനുള്ള ഒരു കാരണം.

സംസ്ഥാന ഭരണം ഇടതുമുന്നണി പിടിച്ചതും എസ്എന്‍ഡിപി യോഗനേതൃസ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ തെറിപ്പിക്കാന്‍ സിപിഎം അണിയറയില്‍ രഹസ്യനീക്കം നടത്തുന്നതും ക്യാംപ് രഹസ്യങ്ങള്‍ ചോരാതിരിക്കുന്നതിനുമെല്ലാം കേരളത്തിന് പുറത്ത് യോഗം നടത്തുന്നതാണ് നല്ലതെന്ന അഭിപ്രായം യോഗ നേതൃത്വത്തില്‍ പൊതുവേ ഉണ്ടായിരുന്നു.

എസ്എന്‍ഡിപി യോഗത്തിന്റെ വിവിധ ഘടകങ്ങളില്‍ കാലാവധി അവസാനിക്കുന്ന ഭാരവാഹികള്‍ക്ക് 6 മാസം മുതല്‍ ഒരു വര്‍ഷം വരെ തുടരാന്‍ വെള്ളാപ്പള്ളി നടേശന്‍ അടുത്തയിടെ അനുമതി നല്‍കിയിയിരുന്നു.

ഇവിടങ്ങളില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ സിപിഎം ഇടപെടല്‍ നടത്തുമെന്നും കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ നേതൃസ്ഥാനത്ത് എത്തുമെന്ന് കണ്ടുമാണ് ഈ നിര്‍ദ്ദേശം.

എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വം പിടിച്ചെടുക്കാന്‍ വിമതരുമായി കൂട്ട്‌ചേര്‍ന്ന് സിപിഎം നടത്തുന്ന നീക്കം ചെറുക്കുന്നതിനുള്ള കാര്യങ്ങളും മൈക്രോഫിനാന്‍സ് അടക്കമുള്ള കേസുകളുമെല്ലാം നേതൃയോഗത്തില്‍ ചര്‍ച്ചാവിഷയമാണ്.

ബിഡിജെഎസിന്റെ ഭാവിയാണ് മറ്റൊരു അജണ്ട.

ബിജെപിയുമായുള്ള ബന്ധം തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ എസ്എന്‍ഡിപി യോഗ നേതൃത്വത്തില്‍ തന്നെ ആശയകുഴപ്പം ഉടലെടുത്തിട്ടുണ്ട്.

Top