എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പ്; ജി.ശശിധരനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

എറണാകുളം: എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വിശദാംശങ്ങളും ശുപാര്‍ശയും നല്‍കാന്‍ റിട്ട.ജസ്റ്റിസ് ജി.ശശിധരനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ. സര്‍ക്കാരിന് കമ്മിഷനെ നിയമിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി സ്വദേശിയും എസ്.എന്‍.ഡി.പി അംഗവുമായ ആര്‍.വിനോദ് കുമാറടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.

ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. ജസ്റ്റിസ് ജി.ശശിധരനെ നിയമിച്ച് സര്‍ക്കാര്‍ ഏപ്രില്‍ 19നാണ് ഉത്തരവിട്ടത്. എന്നാല്‍ ഇന്ത്യന്‍ കമ്പനി നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു, തിരഞ്ഞെടുപ്പ് നടത്താനുള്ള എസ്എന്‍ഡിപി യോഗത്തിന്റെ അവകാശത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും, ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണിതെന്നും ഹര്‍ജിയിലുണ്ട്.

Top