എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി. ഹര്‍ജികള്‍ കോടതി ഫയലില്‍ സ്വീകരിച്ചു. എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കേസില്‍ പിണറായി വിജയനെ ഒഴിവാക്കിയതിന് എതിരെയായിരുന്നു ഹര്‍ജി. അനുകൂല വിധിയുണ്ടെന്ന് പിണറായിയുടെ അഭിഭാഷകന്‍ പറഞ്ഞു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണു കേസിനു കാരണം. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്കു നല്‍കുന്നതിനു പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം.

അതേസമയം ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടേണ്ടത് അനിവാര്യമാണെന്നാണ് സി.ബി.ഐ നിലപാട്. ലാവ്‌ലിന്‍ കരാറില്‍ മാറ്റം ഉണ്ടായത് അദ്ദേഹത്തിന്റെ അറിവോടെയാണ്. 1996 കണ്‍സല്‍ട്ടസി കരാര്‍ എന്ന നിലയിലാണ് ഒപ്പു വച്ചതെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ഇത് വിതരണ സ്വഭവത്തിലുള്ള കരാര്‍ ആയി മാറി. 97 ല്‍ വൈദ്യുതി മന്ത്രി ആയിരിക്കെ പിണറായി എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുടെ അഥിതിയായി കാനഡയില്‍ പോയതിന് പിന്നാലെയാണ് ഈ മാറ്റമുണ്ടായതന്ന് സി.ബി.ഐ പറയുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സി.ബി.ഐ സമര്‍പ്പിച്ച സത്യവാങ് മൂലം സുപ്രിം കോടതിയിലുണ്ട്. ഹൈക്കോടതി വിധി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും സിബി.ഐ മുന്നോട്ട് വച്ചിരുന്നു. കേസില്‍ പിണറായിയെയും മറ്റു രണ്ട് പ്രതകളെയും വെറുതെ വിട്ടപ്പോഴും ഉദ്യോഗസ്ഥരായ ആര്‍.ശിവദാസന്‍ എം.വി രാജഗോപാല്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇത് വിവേചനപരമാണെന്നാണ് മൂന്ന് ഉദ്യോഗസ്ഥരും സുപ്രിം കോടതിയില്‍ ഉന്നയിക്കുന്ന വാദം.

Top