SNAPDEAL

ഓണ്‍ലൈന്‍ ടാക്‌സി അഗ്രിഗേറ്റര്‍മാരായ യൂബറിന്റെ സേവനം ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്‌നാപ്ഡീല്‍ വഴിയും ലഭ്യമാവുന്നു.

ആപ്ലിക്കേഷനുകളുടെ സമന്വയത്തിലൂടെ സ്‌നാപ്ഡീല്‍ പ്ലാറ്റ്‌ഫോം വഴിയും ഇനി യൂബര്‍ ടാക്‌സികള്‍ ബുക്ക് ചെയ്യാനാവും. കഴിഞ്ഞ ദിനങ്ങളില്‍ ഒട്ടേറെ പുത്തന്‍ സേവനങ്ങള്‍ സ്‌നാപ്ഡീല്‍ പ്ലാറ്റ്‌ഫോമില്‍ ഇടംപിടിച്ചിട്ടുണ്ട്.

വിമാന ടിക്കറ്റ് ബുക്കിങ്ങിനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ബില്ലുകള്‍ അടയ്ക്കാനുമൊക്കെയുള്ള സൗകര്യം ഇപ്പോള്‍ സ്‌നാപ്ഡീലില്‍ ലഭ്യമാണ്. ഈ ശ്രേണിയിലേക്കാണ് ഓണ്‍ലൈന്‍ ടാക്‌സി അഗ്രിഗേറ്റര്‍മാരായ യൂബറിന്റെ സേവനവും സ്‌നാപ്ഡീല്‍ അവതരിപ്പിച്ചിരിക്കുന്നത്.

വിശ്വസനീയവും തകരാറില്ലാത്തതുമായ ഡിജിറ്റല്‍ സംവിധാനം ഒരുക്കാനാണു സ്‌നാപ്ഡീല്‍ ലക്ഷ്യമിടുന്നതെന്നു കമ്പനിയുടെ പാര്‍ട്ണര്‍ഷിപ്‌സ് ആന്‍ഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ടോണി നവീന്‍ വിശദീകരിച്ചു.

ഇന്ത്യക്കാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ പര്യാപ്തമായ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായി വളരാനാണു സ്‌നാപ്ഡീല്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top