Snapdeal faces flak for Aamir Khan’s statement

ന്യൂഡല്‍ഹി: അസഹിഷ്ണുതയെക്കുറിച്ചുള്ള ബോളിവുഡ് താരം ആമിര്‍ ഖാന്റെ പരാമര്‍ശത്തിന്റെ പേരില്‍ അതിനെ എതിര്‍ക്കുന്നവര്‍ പ്രതിഷേധിച്ചത് ഇ-കൊമേഴ്‌സ് സൈറ്റായ സ്‌നാപ്ഡീലിനോട്. സ്‌നാപ് ഡീലിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ആമിര്‍ ഖാന്‍ എന്നതാണ് കമ്പനിക്കെതിരെ തിരിയാനുള്ള കാരണം.

‘ആപ്പ് വാപസി’ എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലൂടെയാണ് സ്‌നാപ്ഡീലിനെതിരായ കാമ്പയിന്‍ നടക്കുന്നത്. ആമിറിനെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കില്‍ ആപ്പ് തന്നെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുമെന്നും സ്‌നാപ്ഡീലിനെ ബഹിഷ്‌കരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്‌നാപ്ഡീലിന്റെ ആന്‍ഡ്രോയിഡ് ആപ്പിന് മോശം റേറ്റിങ് നല്‍കിയാണ് ചിലര്‍ പ്രതിഷേധിച്ചത്. ഒറ്റയടിക്ക് നിരവധി പേര്‍ സ്‌നാപ് ഡീല്‍ ആപ്പിന് ഏക സ്റ്റാര്‍ റേറ്റിങ്ങ് നല്‍കിയാണ് അനിഷ്ടം പ്രകടിപ്പിച്ചത്. ഇതേ സമയം തന്നെ മറ്റൊരു വിഭാഗം സ്‌നാപ് ഡീല്‍ ആപ്പിന് ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കി ഇതിനെ പ്രതിരോധിക്കാനും ശ്രമം നടത്തി.

ഇതാദ്യമായല്ല ഇത്തരത്തിലുള്ള പ്രതിഷേധമാര്‍ഗം രാജ്യത്ത് നടക്കുന്നത്. ടെലികോം കമ്പനികളുടെ സീറോ റേറ്റിങ് വിഷയത്തില്‍ അതിനെ പിന്തുണച്ച ഫ്‌ലിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിനോടുള്ള പ്രതിഷേധം നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണക്കുന്നവര്‍ രേഖപ്പെടുത്തിയത് ഫ്‌ലിപ്കാര്‍ട്ടിന്റെ ആപ്പിന് വണ്‍സ്റ്റാര്‍ റേറ്റിങ് നല്‍കിയാണ്.

Top