Snapdeal employee kidnapped in Ghaziabad

ഗാസിയാബാദ്: സ്‌നാപ്ഡീല്‍ ജീവനക്കാരിയായ ദീപ്തി ശര്‍ണയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഹരിയാന ജയിലില്‍ നിന്ന് രക്ഷപ്പെട്ട മനോരോഗിയായ ദേവേന്ദ്രയാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പലതവണ ദീപ്തിയെ ശല്യം ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കി. പിടിയിലായ അഞ്ചുപേരും ഹരിയാന സ്വദേശികളാണ്.

ഗുര്‍ജണിലെ സ്‌നാപ്ഡീല്‍ ഓഫീസില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദീപ്തിയെ ഫെബ്രുവരി പത്തിനാണ് തട്ടിക്കൊണ്ടുപോകുന്നത്. ഗുര്‍ജണില്‍ നിന്നും വൈശാലി മെട്രോ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ദീപ്തി വീട്ടിലേക്ക് പോകുന്നതിനായി ഒരു ഓട്ടോയില്‍ കയറിയ ദീപ്തിയെ മറ്റുനാലുപേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. ഓട്ടോക്കാരനും സംഭവത്തില്‍ പങ്കുള്ളതായാണ് വിവരം. രണ്ടുദിവസങ്ങള്‍ക്ക് ശേഷം പ്രതികള്‍ ദീപ്തിയെ റെയില്‍വെ സ്റ്റേഷനില്‍ ഇറക്കിവിടുകയായിരുന്നു. യാത്രചെലവിനായി നൂറുരൂപയും ഇവര്‍ നല്‍കി.

കത്തികാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷം കണ്ണുമൂടിക്കെട്ടി നാലുപേര്‍ ചേര്‍ന്ന് തന്നെ കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നെന്ന് ദീപ്തി പൊലീസിന് മൊഴി നല്‍കിയിരുന്നു. തട്ടിക്കൊണ്ടുപോയവര്‍ കഴിക്കാന്‍ ഭക്ഷണവും വെള്ളവും നല്‍കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നുവെന്നും അവരാരും ശാരീരികമായോ മാനസികമായോ തന്നെ ഉപദ്രവിച്ചില്ലെന്നും പൊലീസിന് ദീപ്തി മൊഴി നല്‍കി. ദീപ്തിയെ മോചിപ്പിക്കുന്നതിനായി പ്രതികള്‍ മോചനദ്രവ്യവും ആവശ്യപ്പെട്ടിരുന്നില്ല. എന്തിന് വേണ്ടിയായിരുന്നു തട്ടിക്കൊണ്ടുപോകല്‍ എന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.

ദീപ്തിയുടെ മൊബൈല്‍ ഫോണ്‍, പഴ്‌സ്, ബാഗ്, വ്യക്തിരേഖകള്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. ദീപ്തിയെ കണ്ടെത്തുന്നതിന് വേണ്ടി സ്‌നാപ്ഡീല്‍ സോഷ്യല്‍മീഡിയ വഴി #HelpFindDipti എന്ന പേരില്‍ പ്രചാരണം നടത്തിയിരുന്നു.

Top