ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച 950 മില്ല്യന്‍ ഡോളര്‍ ഓഫറിന് സ്‌നാപ്ഡീലിന്റെ അംഗീകാരം

മുംബൈ: സ്‌നാപ്ഡീലിനെ സ്വന്തമാക്കാനായി ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച 950 മില്ല്യണ്‍ ഡോളര്‍ എന്ന ഓഫര്‍ സ്‌നാപ്പ്ഡീല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍.

ആദ്യ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് 950 മില്ല്യന്‍ ഡോളര്‍ എന്ന വാഗ്ദാനവുമായി ഫ്‌ളിപ്പ്കാര്‍ട്ട് വീണ്ടുമെത്തിയത്.

സ്‌നാപ്ഡീലിന്റെ ഉടമസ്ഥാവകാശമുള്ള ജാസ്പര്‍ ഇന്‍ഫോടെക്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇത് അംഗീകരിച്ചതായാണ് സൂചന.

പുതിയ ഓഫര്‍ സംബന്ധിച്ച് ഓഹരി ഉടമകളോട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സ്‌നാപ്ഡീല്‍.

500- 600 മില്ല്യണ്‍ ഡോളറിന് കമ്പനിയെ ഏറ്റെടുക്കാനുള്ള ഓഫറായിരുന്നു ആദ്യം കമ്പനി മുന്നോട്ട് വച്ചത്. പിന്നീട് അത് 800- 850 മില്ല്യണ്‍ ഡോളറായെങ്കിലും സ്‌നാപ്ഡീല്‍ പച്ചക്കൊടി കാണിച്ചിരുന്നില്ല. തുടര്‍ന്നാണ് 900- 950 മില്ല്യണ്‍ ഓഫറുമായി വീണ്ടും ഫ്‌ളിപ്പ്കാര്‍ട്ട് എത്തിയത്.

സ്‌നാപീഡിലിന്റെ ഇ കൊമേഴ്‌സ് ഡിവിഷന്‍, ലോജസ്റ്റിക് കമ്പനി വോള്‍കാന്‍ എക്‌സപ്രസ്, മാനേജ്‌മെന്റ് ബിസിനസ് സ്ഥാപനമായ യൂണികൊമേഴ്‌സ് ഇ സൊലൂഷന്‍സ് എന്നീ മൂന്ന് കമ്പനികളെയാവും ഫ്‌ളിപ്പ്കാര്‍ട്ട് സ്വന്തമാക്കുക.

സ്‌നാപ്ഡീലുമായുള്ള ലയനം ഇന്ത്യന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ആമസോണിനെ തള്ളി ഫ്‌ളിപ്പ്കാര്‍ട്ടിന് സ്ഥാനമുറപ്പിക്കാന്‍ സഹായകരമാകുന്നതാണ്.

Top