സെമിനാറില്‍ പാമ്പിനെ പ്രദര്‍ശിപ്പിച്ചു; വാവ സുരേഷിനെതിരെ കേസ്

കോഴിക്കോട്: പ്രമുഖ പാമ്പ് പിടിത്തക്കാരനായ വാവ സുരേഷിനെതിരെ കേസ്. കോഴിക്കോട് മെഡിക്കൽ കോളജിൽ സെമിനാറിൽ പാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് കേസ്. ഡിഎഫ്ഒയുടെ നിർദേശപ്രകാരം താമരശേരി റേഞ്ച് ഓഫീസറാണ് വാവ സുരേഷിനെതിരെ കേസെടുത്തത്.

കഴിഞ്ഞദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ക്ലിനിക്കൽ നഴ്‌സിങ് എഡ്യുക്കേഷനും നഴ്‌സിങ് സർവീസസ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചത്. സെമിനാറിൽ മൂർഖൻ പാമ്പുമായാണ് വാവ സുരേഷ് പങ്കെടുക്കാൻ എത്തിയത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

ശാസ്ത്രീയ വിഷയം കൈകാര്യം ചെയ്യുന്ന ക്ലാസിൽ പാമ്പിനെ അശാസ്ത്രീയമായി കൈകാര്യം ചെയ്തത് തെറ്റാണ് എന്ന തരത്തിലായിരുന്നു വിമർശനം. പൊതുവേദിയിൽ പാമ്പിനെ പ്രദർശിപ്പിക്കാമോ എന്ന തരത്തിലുള്ള നിരവധി ചോദ്യങ്ങളും ഉയർന്നു. വനംവകുപ്പിന് വിവിധ കോണുകളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വാവ സുരേഷിനെതിരെ കേസെടുത്തത്.

Top