ഇനി ഒരു അൽപ്പം പാമ്പ് ആയാലോ? ചിപ്‌സ് ബേക്ക് ചെയ്യാന്‍ ഓവന്‍ തുറന്നപ്പോള്‍ പാമ്പ്!

snake

മാഞ്ചെസ്റ്റർ: ബേക്ക് ചെയ്ത നല്ല സ്വാദുള്ള ഭക്ഷണം ആഗ്രഹിക്കാത്ത ആരുണ്ട്? എന്നാൽ അതിന് ഒരു അൽപ്പം മാറ്റം ആയാലോ? മാറ്റം ആഗ്രഹിക്കാത്തവരും ഇല്ലല്ലോ! അപ്പൊ ഒരു ചെയ്ഞ്ച് ആവാം അല്ലെ? ഗ്രേറ്റ് മാഞ്ചെസ്റ്ററിലെ ഒരു വൃദ്ധ ദമ്പതികളുടെ വീട്ടിൽ ഇത്തരം ഒരു ചെയ്ഞ്ച് ഉണ്ടായി. ചെയ്ഞ്ച് എന്ന് പറയുമ്പോ അവർ വയസ്സ് കാലത്ത് ചെയ്ഞ്ച് ആഗ്രഹിച്ചതുകൊണ്ട് അല്ല കേട്ടോ. ഓവൻ തുറന്നപ്പോൾ കണ്ടത് നല്ല ഉഗ്രൻ പാമ്പ്. അതും മൂന്നടി നീളമുള്ള ഒരു ആഫ്രിക്കൻ പാമ്പ്. സംഭവം ഇങ്ങനെ:

രാവിലെ അൽപ്പം ചിപ്സ് ബേക്ക് ചെയ്താലോ എന്ന് 82-കാരിയായ നമ്മുടെ നായിക വിചാരിച്ചു. അടുത്തിടെയാണ് തിമിരത്തിനുള്ള ചികിത്സ ചെയ്തത്. അതിനാൽ തന്നെ കാഴ്ച്ച ശക്തി പഴയ പടി ആകുന്നതേ ഉള്ളു. അൽപ്പം ബുദ്ധിമുട്ട് ഉണ്ടെങ്കിലും, വീട്ടിലെ അല്ലറ-ചില്ലറ കാര്യങ്ങൾ ചെയ്യാതെ വയ്യല്ലോ. വൃദ്ധ പതിയെ അടുക്കളയിൽ എത്തി ചിപ്സ് ബേക്ക് ചെയ്യാനായി ഓവൻ തുറന്നു. പിന്നെ എല്ലാം ഒരു ദുഃസ്വപ്നം പോലെയാണ്. ഓവൻറെ വാതിൽ തുറന്നതും ഒരു വലിയ പാമ്പ് അതിൽ നിന്ന് ഇറങ്ങി. കണ്ടത് വിശ്വസിക്കാൻ കഴിയാതെ, അവർ പിന്നിലേക്ക് നീങ്ങി. ഇനിയിപ്പോ എന്റെ കാഴ്ച പ്രശ്നമാണോ എന്ന് വിചാരിച്ചു, ഭർത്താവിനെ വിളിച്ചു. പാമ്പ് തന്നെ, അയാളും ഉറപ്പിച്ചു.

ഈ പറയുന്ന സംഭവം നടക്കുന്നതിന് ഏതാണ്ട് ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ ഒരു പാമ്പിനെ കണ്ടിരുന്നതായും എന്നാൽ അതിനെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വൃദ്ധ മാധ്യമങ്ങളോട് പറഞ്ഞു. എന്തായാലും അധികൃതരെ അറിയിച്ചു പാമ്പിനെ നീക്കം ചെയ്തപ്പോഴാണ് വൃദ്ധ ദമ്പതികൾക്ക് ഒരു സമാധാനം വന്നത്. പാമ്പിനെ ഓവനിൽ വയ്ച്ചു പുഴുങ്ങി എടുക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഇവർ!

Top