‘നഷ്ടമായത് ഭാവിയുടെ വാഗ്ദാനം’; ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്, മുഖ്യമന്ത്രിക്ക് രാഹുലിന്റെ കത്ത്‌

ന്യൂഡൽഹി : വയനാട് ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വയനാട് എംപി രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഭാവിയുടെ വാഗ്ദാനമായിരുന്ന ഒരു ജീവിതമാണ് പഠന സ്ഥലത്തുവച്ചു നഷ്ടമായതെന്ന് രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.

ഏറെ വേദനാജനകമായ സംഭവമാണ് നടന്നതെന്നും ഷഹ്ലയുടെ കുടുംബത്തിന് അടിയന്തര സഹായം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

‘സുൽത്താൻ ബത്തേരിയിലെ സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്‌ല ഷെറിന്റെ ദാരുണ മരണത്തിലേക്കു ഞാൻ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ക്ലാസ് മുറിയിലെ മാളത്തിൽ ഒളിച്ചിരുന്ന പാമ്പാണ് കുട്ടിയെ കടിച്ചത്. ഒരു വാഗ്ദാന ജീവിതമാണ് പഠന സ്ഥലത്തുവെച്ച് ദാരുണമായി ഇല്ലാതായത്’– രാഹുൽ കത്തിൽ പറയുന്നു.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

Top