വിദ്യാർഥിനി സ്ക്കൂളില്‍ മരണപ്പെട്ട സംഭവം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

വയനാട് : പുത്തൻകുന്ന് സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ (10) ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയര്‍പേഴ്സണ്‍ പി. സുരേഷ് സ്വമേധയായാണ് കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവി, ജില്ല കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം.

ഇതിനിടെ വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന അധ്യാപകനെ വയനാട് ഡി.ഡി.ഇ ഇബ്രാഹിം തോണിക്കര സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന കുട്ടികളുടെ ആരോപണത്തേത്തുടര്‍ന്നാണ് നടപടിയെടുത്തത്. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്ന് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു.

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്.

കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.

Top